കശ്മീരിലെ കത്വ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. നുഴഞ്ഞുകയറിയ ഭീകരരിൽ ഒരാളെ സുരക്ഷാസേന വധിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് നുഴഞ്ഞുകയറ്റം ഉണ്ടായത്.
കത്വയിലെ ഒരു വീട്ടിലേക്ക് സമീപഗ്രാമത്തിലുള്ളവരാണെന്ന വ്യാജേനയാണ് രണ്ട് ഭീകരർ എത്തിയത്. തുടർന്ന് ഇവിടേക്കെത്തിയ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് കബീർ ദാസ് എന്ന ജവാൻ കൊല്ലപ്പെട്ടത്. പരിക്കേറ്റ കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഭീകരരിൽ ഒരാളെ വധിച്ച സുരക്ഷാസേന രണ്ടാമനായുള്ള തിരച്ചിലിലാണ്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മൂന്നിടത്താണ് ഭീകരാക്രമണം ഉണ്ടായത്. റിയാസിയിൽ ബസ്സിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് തീർഥാടകർ കൊല്ലപ്പെട്ടിരുന്നു. ചൊവ്വാഴ്ച ദോധ എന്ന പ്രദേശത്തെ ചെക്ക് പോയന്റിൽ സുരക്ഷാസേനയ്ക്ക് നേരെയുണ്ടായ വെടിവെപ്പിൽ അഞ്ച് ജവാൻമാർക്കാണ് പരിക്കേറ്റത്. ഒളിഞ്ഞിരിക്കുന്ന ഭീകരർക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെയാണ് കത്വയിലെ പുതിയ ആക്രമണം.