ആളനക്കമില്ല; നടുവിൽ ടെലിഫോൺ എക്സ്ചേഞ്ച് അനാഥം,.... #Telephone_Exchange


 ദിനംപ്രതി നൂറുകണക്കിനാളുകൾ കയറിയിറങ്ങിയ നടുവിൽ ടെലിഫോൺ എക്സ‌്ചേഞ്ച് ആളനക്കമില്ലാതെ അനാഥാവസ്ഥയിൽ. ചപ്പാരപ്പടവ്, കുടിയാന്മല തുടങ്ങിയ ടെലിഫോൺ എക്സ്ചേഞ്ചുകളും സമാന സ്ഥിതിയിലാണ്. നടുവിൽ എക്സ്ചേഞ്ച് കെട്ടിടമാകെ കോട്ടെരുമ പെരുകി മൂടിക്കിടക്കുകയാണ്. സമീപത്തുള്ള വീട്ടുകാര്യം ഇതുമൂലം ദുരിതത്തിലായി.

പരിസരം കാടുകയറിക്കിടക്കുന്നതിനാൽ വന്യജീവികളുടെ താവളം തീർത്തിരിക്കുകയാണ്. വർഷങ്ങളായി ഉദ്യോഗസ്ഥരാരും എത്താറില്ല. 

ജനറേറ്റർ സ്റ്റാർട്ട് ചെയ്യാനും ഓഫാക്കാനും പ്രതിമാസം 3500 രൂപ നൽകി സമീപ വാസികളിലൊരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കെട്ടിടത്തിനുള്ളിലെ ലക്ഷക്കണക്കിന് രൂപ വിലയുണ്ടായിരുന്ന ഉപകരണങ്ങൾ നശിച്ചു. നാല് എക്സ്ചേഞ്ചുകൾക്കായി ഒരു ജൂനിയർ ടെലികോം ഓഫീസറാണുള്ളത്. മറ്റ് ജീവനക്കാരെല്ലാം ജോലിയിൽനിന്ന് വിരമിക്കുകയോ വി.ആർ.എസ്. എടുത്ത് പിരിയുകയോചെയ്തു.

രണ്ടായിരത്തിലധികം ടെലിഫോൺ കണക്‌ഷനുകൾ നടുവിൽ എക്സ്ചേഞ്ചിൽ മാത്രം ഉണ്ടായിരുന്നു. പുതിയ ഫോൺ കണക്‌ഷൻ നൽകൽ, ഫോൺ ബില്ല് അടക്കാനുള്ള സൗകര്യം, കേടായ ഫോണുകൾ മാറ്റിനൽകൽ തുടങ്ങി ഒട്ടേറെ സേവനങ്ങളാണ് എക്സ്ചേഞ്ചിൽനിന്ന് ലഭിച്ചിരുന്നത്. ഒൻപത് ജീവനക്കാർവരെ ജോലിചെയ്തിരുന്നു.

മൊബൈലിൻ്റെ വരവ് പ്രസക്തി കുറച്ചു


സർക്കാർ നയങ്ങൾക്കൊപ്പം മൊബൈൽ ഫോണിൻ്റെ കടന്നുവരവുകൂടിയായതോടെ ടെലിഫോൺ എക്സ്ചേഞ്ചുകളെ ജനങ്ങൾ കൈയൊഴിഞ്ഞു. ലാൻഡ് ഫോൺ കണക്‌ഷനുകളും പൂർണമായി ഇല്ലാതായി.

സ്വകാര്യവത്കരണത്തിൻ്റെ ഭാഗമായി പുതിയ കമ്പനികൾ എത്തിയതും ബി.എസ്.എൻ.എല്ലിനെ തളർത്തി. ഇന്റർനെറ്റ് സേവനം സ്വകാര്യ ഏജൻസികളുമായി സഹകരിച്ചായതും ടെലഫോൺ എക്സ്ചേഞ്ചുകളെ അപ്രസക്തമാക്കി.

സൗജന്യമായി നൽകിയ സ്ഥലം


നടുവിൽ ടെലിഫോൺ എക്‌സ് ചേഞ്ചിന് കെട്ടിടം പണിതത് സൗജന്യമായി ലഭിച്ച സ്ഥലത്ത്.

നടുവിൽ സർവീസ് സഹകരണ ബാങ്കാണ് എക്സ്ചേഞ്ച് പണിയാൻ അര ഏക്കർ ഭൂമി സൗജന്യമായി നൽകിയത്. ബാങ്കിൻ്റെ തുടക്ക കാലത്ത് പ്രവർത്തിച്ച സ്ഥലമാണിത്. ദീർഘകാലം വാടക്കെട്ടിടത്തിലാണ് എക്സ‌്ചേഞ്ച് പ്രവർത്തിച്ചത്.

എല്ലാ സൗകര്യങ്ങളോടുംകൂടിയ ഈ കെട്ടിടത്തിൽ കുറഞ്ഞ വർഷങ്ങൾ മാത്രമാണ് ഓഫീസ് പ്രവർത്തനം നടന്നത്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0