ഇനി ഫേക്ക് ചിത്രങ്ങളെ പേടിക്കേണ്ട, ഡിജിറ്റൽ ഇമേജുകളുടെ 'ജാതകം' നോക്കുന്ന കണ്ടുപിടുത്തതിന് തിരുവനന്തപുരം എൻജിനീയറിങ് കോളേജിന് പേറ്റന്റ്.. #TechUpdates

തിരുവനന്തപുരം : ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ് എല്ലാവർക്കും പ്രാപ്യമായ ഈ യുഗത്തിൽ ഫോട്ടോകൾ ഉപയോഗിച്ചുള്ള വിവിധ കുറ്റകൃത്യങ്ങളുടെ വാർത്തകൾ ദിവസവും പുറത്തുവരുന്നു. മോർഫിംഗ് ഉൾപ്പെടെയുള്ളവ പലരുടെയും ജീവനും ജീവിതവും തകർത്ത കഥകളും നമുക്കറിയാം. അപ്പോഴൊക്കെയും ഇവയുടെ യാഥാർഥ്യം അറിയുവാനുള്ള സാങ്കേതിക വിദ്യയുടെ അഭാവം പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാറുണ്ട്. നമ്മുടെ കേരളത്തിലെ കുറച്ച് മിടുക്കർ ചേർന്ന് വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യ ഈ പ്രശ്‌നത്തിന് പരിഹാരമാണ്. ഇപ്പോഴാകട്ടെ അതിന് പേറ്റന്റും ലഭിച്ചിരിക്കുന്നു.
ഡിജിറ്റൽ ചിത്രങ്ങളുടെ ആധികാരികത നിർണ്ണയിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമുള്ള സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തത്തിന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പേറ്റന്‍റ് സ്വന്തമാക്കി. മെഡിക്കൽ രോഗനിർണയം, ഫോറൻസിക് അന്വേഷണങ്ങൾ, പോലീസ് അന്വേഷണങ്ങൾ തുടങ്ങിയ മേഖലകളിൽ തെളിവുകളായി ഉപയോഗിക്കുന്ന ഡിജിറ്റൽ ചിത്രങ്ങളുടെ വിശ്വാസ്യത തെളിയിക്കുന്നതിനും ആധികാരികത ഉറപ്പുവരുത്തുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. കൂടാതെ, ഒരു ഡിജിറ്റൽ ചിത്രത്തിലെ മാറ്റം വരുത്തിയ ഭാഗങ്ങൾ കണ്ടെത്തുന്നതിനും ഇതിലൂടെ കഴിയും.  
ക്രിപ്‌റ്റോഗ്രാഫിക് ഹാഷ് ഫംഗ്‌ഷനും കയോട്ടിക് സീക്വൻസും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യക്ക് മൊബൈൽ ഫോൺ, ഡിജിറ്റൽ ക്യാമറ എന്നിവ ഉപയോഗിച്ച് പകർത്തിയതോ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്നതോ ആയ ഡിജിറ്റൽ ചിത്രങ്ങളുടെ ആധികാരികത നിർണ്ണയിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും കഴിയും. 
ഡിജിറ്റൽ ചിത്രങ്ങളിൽ ഉണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണ്ണമായും കണ്ടെത്താനാകും. അധികാരപ്പെടുത്തിയ വ്യക്തിക്കു ചിത്രത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനും മാറ്റം വരുത്തിയ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനും സാധിക്കും.  അതുകൊണ്ടുതന്നെ നിർണ്ണായകമായ മേഖലകളിൽ ഡിജിറ്റൽ ചിത്രങ്ങൾ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിനും അവയുടെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തുന്നതിനും ഈ സാങ്കേതിക വിദ്യ  ഉപയോഗപ്പെടും.
സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ എസ്‌പിഎഫ്‌യു ഡയറക്ടറും സിഇടിയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ മുൻ പ്രൊഫസറുമായ ഡോ. ശ്രീലക്ഷ്മി ആറിന്റെ നേതൃത്വത്തിൽ മാർ ബസേലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസറും സിഇടിയിലെ മുൻ ഗവേഷണ വിദ്യാർത്ഥിനിയുമായ ഡോ. നീന രാജ് എൻ ആർ നടത്തിയ ഗവേഷണ ഫലമായാണ് കണ്ടെത്തൽ. സിഇടിയുടെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ആയിരുന്നു ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയത്. 
കേരളത്തിനും നമുക്കാകെയും അഭിമാനിക്കാവുന്ന തിളക്കമാർന്ന നേട്ടമാണ് സിഇടി യിലെ ഗവേഷണ  ടീം സ്വന്തമാക്കിയത്.