സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. 5 ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ കേരളത്തിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍ഗോഡ് എറണാകുളം തൃശൂര്‍ കോഴിക്കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് ആലുവ, കളമശേരി ഭാഗങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ആലുവ മുപ്പത്തടത്ത് കിണർ ഇടിഞ്ഞു. എറണാകുളം മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പുണ്ട്.
തൃശ്ശൂരിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ജില്ലാകലക്ടർ അടിയന്തര യോഗം വിളിച്ചു. ദുരന്തനിവാരണ ചുമതലയുള്ള എ.ഡി.എം കോർപ്പറേഷൻ സെക്രട്ടറി ജനപ്രതിനിധികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. കോർപ്പറേഷൻ പരിധിയിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയായ സാഹചര്യം പരിശോധിക്കും. വെള്ളക്കെട്ടിന് കാരണം കോർപ്പറേഷനാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിച്ചു.
കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വാർഡുകളിലും ഐ.സി.യുവിലും വെള്ളം കയറി.ദേശീയപാതയിൽ പന്തീരങ്കാവ് കൊടൽ നടക്കാവിൽ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകർന്നു വീണ് ഒരാൾക്ക് പരിക്കേറ്റു.
കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്. മീൻപിടിക്കുന്നതിനിടെ യുവാവ് വെള്ളത്തിൽ വീണതാണെന്നാണ് കരുതുന്നത്.
കനത്ത മഴ മൂലം കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകുകയാണ്. അബൂദബി, മസ്ക്കത്ത് വിമാനങ്ങളാണ് വൈകുന്നത്. കരിപ്പൂരിലേക്കുള്ള ചില വിമാനങ്ങൾ മംഗലാപുരത്തേക്ക് വഴിതിരിച്ചുവിട്ടു.