പ്രശസ്ത സിനിമറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവനെ കാൻ ഫിലിം ഫെസ്റ്റിവൽ ഇന്ന് സിനിമറ്റോഗ്രാഫര്‍ക്കുള്ള പിയറി ആൻജിനോ അവാർഡ് നൽകി ആദരിക്കും. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന് ഈ അവാർഡ് ലഭിക്കുന്നത്. സന്തോഷ് ശിവൻ്റെ ഈ അതുല്യ നേട്ടം മലയാളിയെ അഭിമാനത്തിൻ്റെ കൊടുമുടിയിലെത്തിക്കുന്നു.
2013-ലാണ് ഛായാഗ്രഹണമികവിനുള്ള പിയർ ആഞ്ജിനോ എക്‌സലൻസ് ഇൻ സിനിമറ്റോഗ്രാഫി പുരസ്‌കാരം കാൻ ഫെസ്റ്റിവലിൽ നൽകാൻ ആരംഭിച്ചത്. ആധുനിക സൂം ലൈനുകളുടെ പിറവിക്ക് കാരണക്കാരനായ പിയറി ആൻജിനോയുടെ സ്മരണാർത്ഥമാണ് അവാർഡ്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ.
ക്യാമറ കണ്ണുകളിലൂടെ സൗന്ദര്യശാസ്ത്രത്തിൻ്റെ മാസ്മരിക ലോകം സൃഷ്ടിക്കുന്നതാണ്സന്തോഷിൻ്റെ പ്രത്യേകത. റോജ, ദളപതി, ദിൽസെ, ഇരുവർ, രാവൺ, പെരുന്തച്ചൻ, യോദ്ധ, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ 20-ലധികം അന്താരാഷ്ട്ര അവാർഡുകളും 100-ലധികം ദേശീയ അവാർഡുകളും സന്തോഷ് ശിവ നേടിയിട്ടുണ്ട്.
എഡ്വേർഡ് ലക്മാൻ, ആഗ്നസ് ഗോദാർഡ്, ബാരി അക്രോയിഡ്, റോജർ ഡീക്കിൻസ്, തുടങ്ങിയ ഇതിഹാസ ഛായാഗ്രാഹകർക്ക് ലഭിച്ച അവാർഡ് സന്തോഷ് ശിവനെ തേടിയെത്തിയത് മലയാളിക്കും ഇന്ത്യൻ സിനിമയ്ക്കും ഇരട്ടി അനുഗ്രഹമാണ്.