ആലക്കോട് : ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗര പുഴക്ക് കുറുകെ പണിയുന്ന പാലത്തിൻ്റെ കോൺക്രീറ്റ് ഗട്ടറുകൾ കനത്ത മഴയിലും മഴവെള്ള പാച്ചിലിലും ഒലിച്ച് പോയി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് ഇതോടെ തകർന്നു പോയത്.
VIDEO | കനത്തമഴയിൽ മംഗര പാലത്തിന്റെ ഭാഗങ്ങൾ ഒലിച്ചു പോകുന്നു..
ഒന്നര വർഷം മുമ്പ് ആരംഭിച്ച പാലം പണിക്കിടെ പല തരത്തിലുള്ള വീഴ്ചകളും സംഭവിച്ചിരുന്നു. നാട്ടുകാരുടെ കൃത്യമായ ഇടപെടലുകൾ കൊണ്ട് അവ പരിഹരിക്കുന്നതിനിടയിൽ കോൺട്രാക്റ്റർ മനപ്പൂർവ്വം പണി താമസ്സിപ്പിക്കുക പോലും ചെയ്തിട്ടുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് മാത്രമല്ല വേനൽ കാലത്ത് പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സമയത്ത് ഇഴഞ്ഞു നീങ്ങിയ പണി മൂലമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന നാശ നഷ്ടങ്ങൾക്ക് കാരണമായത് എന്നും നാട്ടുകാർ പറയുന്നു.
പാലത്തിൻ്റെ പില്ലറുകളിലേക്ക് ബീം എടുത്തുവെക്കുന്ന ജോലിയാണ് ഇനി ബാക്കി ഉണ്ടായിരുന്നത്. ഈ ആവശ്യത്തിലേക്കായി ഉള്ള രണ്ടു ക്രെയിനുകളിൽ ഒന്നും ഇപ്പൊൾ മംഗരയിൽ എത്തിച്ചിരുന്നു. ഇതിനായി പുഴ വക്കിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്ന ബീമുകളാണ് ഇപ്പൊൾ ഒലിച്ച് പോയിരിക്കുന്നത്. ബീമുകൾ പരസ്പരം കൂട്ടിയിടിച്ചതിനാൽ ബല ക്ഷയം സംഭവിച്ചേക്കാം എന്നതിനാൽ ഇനി ഇവ പാലം പണിക്കായി ഉപയോഗിക്കുവാൻ സാധിക്കുകയില്ല. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ മൂലം ലക്ഷക്കണക്കിന് രൂപയുടെ വസ്തുതകളാണ് ഇപ്പൊൾ നശിച്ചിരിക്കുന്നത്.
രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു. നിരവധി വിദ്യാർത്ഥികൾ ഉൾപ്പടെ ഇരു ഭാഗങ്ങളിലേക്കും പോകേണ്ടുന്നവർ ഇപ്പൊൾ അഞ്ച് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതും, കണ്ണൂർ വിമാന താവളത്തിലേക്ക് ഉൾപ്പടെയുള്ള യാത്ര ചുരുങ്ങുകയും ചെയ്യുന്നത് ഉൾപ്പടെ നിരവധി സൗകര്യങ്ങൾ പാലം യാഥാർത്ഥ്യമാകുന്നതോടെ ലഭിക്കുമായിരുന്നതാണ് ഇപ്പൊൾ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്.