തൃശൂർ : പെരിഞ്ഞനത്ത് കുഴിമാന്തി കഴിച്ച് അവശ നിലായിലായ യുവതി മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബയാണ് മരിച്ചത്. പെരിഞ്ഞനത്തെ ഹോട്ടൽ സെയിനിൽ ഭക്ഷണം കഴിച്ച് 178 പേർക്ക് അസുഖം ബാധിച്ചതായി പരാതി ഉയർന്നിരുന്നു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെയാണ് ഉസൈബയെ പെരിഞ്ഞനത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. നില വഷളായതിനെ തുടർന്ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
സെയിൻ ഹോട്ടലിൽ ഭക്ഷണം കഴിച്ച 180 ഓളം പേർക്ക് അസുഖം ബാധിച്ചതായാണ് പരാതി. ഇവർ വിവിധ സ്ഥലങ്ങളിൽ ചികിത്സ തേടിയിട്ടുണ്ട്. ഞായറാഴ്ച ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരാതികൾ പരിശോധിച്ചെങ്കിലും സാമ്പിളുകൾ കണ്ടെത്താനായില്ല. ഉസൈബയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത വരൂ.