കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ അടിമുടി പരിഷ്കരണം. നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഓൺലൈൻ റിസർവേഷൻ നയം വിപുലീകരിച്ചത്.
റിസർവേഷൻ പോളിസിയിലെ അപാകതകൾ പരിഹരിക്കാൻ കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറും നടത്തിയ വിശദമായ പരിശോധനയുടെ ഫലമായാണ് ടിക്കറ്റ് റിസർവേഷൻ നയം വിപുലീകരിച്ചത്. ഹൈക്ലാസ് ബസുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുകയും യാത്രക്കാരെ ലോവർ ക്ലാസ് ബസുകളിലേക്ക് മാറ്റുകയും പല സ്റ്റോപ്പുകളിലും റിസർവേഷൻ യാത്രക്കാർക്ക് ബസുകൾ ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് മാറ്റം.
ഇനി ഓൺലൈൻ റിസർവേഷൻ സർവീസ് പ്രൊവൈഡർ വരുത്തിയ സാങ്കേതിക പിഴവുകൾക്ക്, സേവന ദാതാവിൽ നിന്ന് തന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകും. സർവീസ് റദ്ദാക്കിയതിനാൽ 24 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് പണം തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ ബാങ്കിംഗ് നിയമങ്ങൾക്ക് വിധേയമായി റീഫണ്ട് തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
തകരാർ, അപകടം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ മുഴുവൻ ദൂരത്തിനും സർവീസ് നടത്തുന്നില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പണം തിരികെ നൽകും. ഇതിനാവശ്യമായ രേഖകൾ ഇൻസ്പെക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ കാലതാമസം കൂടാതെ ഐടി ഡിവിഷനിൽ സമർപ്പിക്കണം. റീഫണ്ട് ഇഷ്യൂ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിൽ കാലതാമസം വരുത്തുകയോ അല്ലെങ്കിൽ രേഖകൾ ലഭിച്ചതിന് ശേഷം റീഫണ്ട് നൽകുന്നതിൽ കാലതാമസം വരുത്തുകയോ ചെയ്താൽ ഈ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പിഴയായി ഈടാക്കും. രണ്ടു മണിക്കൂറിൽ കൂടുതൽ വൈകിയോ സർവീസ് നടത്താതെയോ സർവീസ് പുറപ്പെടുകയാണെങ്കിലോ യാത്രക്കാരൻ യാത്ര ചെയ്തില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും.