ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനിടെ പെൺകുട്ടി ട്രെയിനിടിച്ച് മരിച്ചു. ഉത്തർപ്രദേശിലെ ഹരിദ്വാറിലാണ് സംഭവം. ഹരിദ്വാർ റൂർക്കി കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥിനി വൈശാലി ട്രെയിനിടിച്ച് മരിച്ചു. ഇന്നലെയാണ് സംഭവം. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
വൈശാലിയും സുഹൃത്തുക്കളും റഹിംപൂർ റെയിൽവേ ക്രോസിനു സമീപം ട്രാക്കിൽ റീൽ ഷൂട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ട്രാക്കിൽ റീൽ ചിത്രീകരിക്കുന്നതിനിടെ അതുവഴി വന്ന ബാർമർ എക്‌സ്പ്രസ് ട്രെയിൻ വൈശാലിയെ ഇടിക്കുകയായിരുന്നു. വൈശാലി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഗംഗാ നഹർ പോലീസ് അറിയിച്ചു.
ഹരിദ്വാറിലെ ഹരിപൂർ ടോംഗിയ ഗ്രാമത്തിലാണ് വൈശാലി താമസിച്ചിരുന്നത്. ഇപ്പോൾ അമ്മാവൻ്റെ കൂടെ റൂർക്കിയിലാണ് താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമൻ്റുകളും ലഭിക്കാൻ ഇത്തരം സാഹസിക വീഡിയോകൾ ചിത്രീകരിക്കുന്നത് വർധിക്കുന്നുണ്ടെന്നും യുവാക്കൾ ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പോലീസ് പറഞ്ഞു. ഈ വിഷയത്തിൽ യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും സമാനമായ സംഭവം നടന്നിരുന്നു. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ ചില കോളേജ് വിദ്യാർത്ഥികൾ റീലുകൾ ഷൂട്ട് ചെയ്യുന്നതിനിടെ 20 കാരനായ ഒരാൾ ട്രെയിനിടിച്ച് മരിച്ചിരുന്നു.