സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് തടസപ്പെട്ടു; ഡ്രൈവിങ് സ്‌കൂളുകൾ ടെസ്റ്റ് ബഹിഷ്‌കരിച്ചു... #Ganesh_Kumar


 പുതിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് തടസ്സപെട്ടു . ഡ്രൈവിംഗ് സ്കൂളുകൾ ടെസ്റ്റ് ബഹിഷ്കരിച്ചു. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പ്രതിഷേധക്കാർ ഉപരോധിച്ചു. പരിശോധനയ്ക്കുള്ള വാഹനങ്ങൾ വിട്ടുനൽകിയില്ല. മുട്ടത്തറയിൽ പോലീസ് ഏറ്റുമുട്ടൽ നടന്നു. സൗകര്യമൊരുക്കാതെയുള്ള പരിഷ്കാരം അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്കൂളുകളുടെ നിലപാട്.

ഗതാഗത മന്ത്രി നടത്തിയത് വംശീയ പരാമർശമാണെന്നും മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ തന്നെ പലർക്കുമുണ്ടാകുന്ന വൈഷമ്യം മന്ത്രിക്കുമുണ്ടെന്നും സിഐടിയു മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രതികരിച്ചു. ഇന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇന്ന് എവിടെയും പരിശോധന നടത്തിയിട്ടില്ല.

ഡ്രൈവിംഗ് ടെസ്റ്റിനെതിരെ സിഐടിയു എല്ലായിടത്തും പ്രതിഷേധിക്കുന്നു. വ്യാപകമായ പരിഷ്‌കാരങ്ങൾ ഇന്നു മുതൽ നിലവിൽ വരും. പുതിയ ട്രാക്കുകൾ പരീക്ഷണത്തിന് തയ്യാറായില്ലെങ്കിലും മാറ്റങ്ങളോടെയാകും ടെസ്റ്റ് നടത്തുക. വിവിധ സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും.

വൻ പ്രതിഷേധങ്ങൾക്കൊടുവിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. പ്രതിദിനം 30 ലൈസൻസ് ടെസ്റ്റുകൾ, എച്ച് ടെസ്റ്റിന് പകരം പുതിയ ട്രാക്കുള്ള പുതിയ ടെസ്റ്റ്, 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കരുത് തുടങ്ങിയ പ്രധാന പരിഷ്കാരങ്ങൾ ഗതാഗത മന്ത്രി നിർദ്ദേശിച്ചു.