കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചു ; ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദനമെന്ന് യുവതി....#Crime_News

കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദനമെന്ന് യുവതി. മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മർദിച്ചെന്നും യുവതി പറഞ്ഞു.ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുൽ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. തന്നെ ഭർത്താവ് രാഹുൽ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും വീട്ടിൽ ഉള്ളവർ ആരും ഒന്നും പറഞ്ഞില്ലെന്നും യുവതി പറഞ്ഞു . ശുചിമുറിയിൽ വീണതാണെന്ന് പറയാൻ ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടെന്നും യുവതി കൂട്ടിച്ചേർത്തു.എല്ലാ കാര്യങ്ങളും പൊലീസിനെ അറിയിച്ചിട്ടും മൊഴി പൂർണമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി ആരോപിക്കുന്നു. പറഞ്ഞ പല കാര്യങ്ങളും റിപ്പോർട്ടിൽ ഇല്ലെന്നും യുവതി വിശദീകരിച്ചു.ഇതിനിടെ പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുവന്നു.  ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകൾ ചേർക്കുന്നതിൽ ഉൾപ്പെടെ പോലീസ് വിട്ടുവീഴ്ച ചെയ്തതായാണ് ആരോപണം.കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, ക്രൂരമർദ്ദനത്തിന് ഇരയായെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു. എന്നിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവദിവസം പരാതി അറിയിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും യുവതിയുടെ പിതാവ്.പ്രതി രാഹുലിനെ ഇതുവരെ പിടികൂടാത്തത്തിലും കുടുംബത്തിന് അമർഷമുണ്ട്. വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണം കാര്യക്ഷമമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഗാർഹിക പീഡന പരാതി ആയതുകൊണ്ട് തന്നെ എസ്പിയുടെ നിർദേശമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലന്നാണ് പോലീസ് നിലപാട്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0