ഉയര്‍ന്നതിരമാലയ്ക്ക് സാധ്യത, ബീച്ച് യാത്ര ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് .... #Alert

 


തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) അറിയിപ്പ്.

തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കി.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കും വരെ മലയോര വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും.

തമിഴ്‌നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും നിലനിൽക്കുന്ന രണ്ട് ചക്രവാത ചുഴികളാണ് ഇപ്പോഴുള്ള അതിതീവ്ര മഴയ്ക്ക് കാരണം. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 8 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പാലക്കാട് മുതൽ കാസര്‍ഗോഡ് വരെയുള്ള 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലേർട്ടും നൽകി. മഴയ്‌ക്കൊപ്പം ഇടിമിന്നലിലും കാറ്റിനും സാധ്യത ഉണ്ട്.

MALAYORAM NEWS is licensed under CC BY 4.0