മലയാള സിനിമയുടെ ആവേശക്കാലം; വര്‍ഷം പകുതിയാകും മുന്‍പ് ആകെ കളക്ഷന്‍ 1000 കോടി... #Entertainment_News

 


മലയാള സിനിമയ്ക്ക് ഇത് സുവര്‍ണകാലമാണ്. വര്‍ഷം പകുതിയാകും മുമ്പേ തീയറ്റര്‍ കളക്ഷന്‍ ആയിരം കോടി കടന്നു എന്ന വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ഗുരുവായൂര്‍ അമ്പലനടയില്‍ അന്‍പത് കോടി ക്ലബ്ബില്‍ കയറിയതോടെയാണ് മോളിവുഡിന്റെ ചരിത്ര നേട്ടം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നഷ്ടക്കണക്ക് മാത്രമുള്ള സിനിമാ ഇന്‍ഡസ്ട്രി വലിയ ആവേശത്തിലാണ്

.

ഒന്നിന് പുറകെ ഒന്നായി ഹിറ്റുകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി മലയാള സിനിമാ മേഖലയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയുടേത് അസൂയാവഹമായ വളര്‍ച്ചയാണ്. ആഗോള കളക്ഷനില്‍ മലയാള സിനിമ ആയിരം കോടി തൊട്ടത് വെറും അഞ്ചു മാസം കൊണ്ടാണ്. ആകെ വരുമാനത്തിന്റെ 55 ശതമാനവും മൂന്നു സിനിമകള്‍ക്കായിരുന്നു മലയാളത്തിലെ ആദ്യ ഇരുനൂറു കോടി ക്ലബ് അംഗം ‘മഞ്ഞുമ്മല്‍ ബോയ്‌സാണ്’ കളക്ഷനില്‍ മുന്നില്‍. 240.94 കോടിയാണ് ബോയ്‌സ് വളരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്തത്.



തൊട്ടുപിന്നാലെ ‘ആടു ജീവിതം’. 157.44 കോടി രൂപയാണ് ചിത്രം നേടിയത്. ‘ആവേശം’ തിയറ്ററുകളില്‍ ആവേശം തീര്‍ത്തപ്പോള്‍ പെട്ടിയില്‍ വീണത് 153 .52 കോടിയായിരുന്നു. മലയാള സിനിമ 2024 ലെ ജൈത്രയാത്ര തുടങ്ങിയത് യുവതാരങ്ങളുടെ ബ്ലോക്ക് ബസ്റ്റര്‍ ‘പ്രേമലു’വിലൂടെയാണ്.



മമ്മൂട്ടിയുടെ ഫോക്ക് ഹൊറര്‍ ചിത്രം ഭ്രമയുഗവും തിയറ്ററുകളില്‍ ആളെ നിറച്ചു. ഏപ്രില്‍ അവസാനത്തോടെ 985 കോടി കളക്ഷന്‍ നേടിയ മലയാള സിനിമ ഗുരുവായൂരമ്പല നടയില്‍’ വിജയിച്ചതോടെയാണ് ആയിരം കോടിയിലെത്തിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്റെ ഇരുപത് ശതമാനമാണ് മലയാളത്തിന്റെ സംഭാവന. ടര്‍ബോ, ബറോസ് തുടങ്ങി പ്രതീക്ഷയേറ്റുന്ന ഒരുപിടി ചിത്രങ്ങളുടെ റിലീസ് കൂടിയാകുമ്പോള്‍ മലയാള സിനിമയുടെ സുവര്‍ണ വര്‍ഷമാകും 2024 എന്നത് ഉറപ്പാണ്.



MALAYORAM NEWS is licensed under CC BY 4.0