കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീമിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത്. സംഭവത്തിന് ദിവസങ്ങൾക്കുമുമ്പ് പ്രദേശത്തു നടന്ന മോഷണത്തിലും പ്രതി ഇയാളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഈ കേസിലെ രേഖാചിത്രവും സിസിടിവി ദൃശ്യവും ഒരാൾ ആണെന്നും പൊലീസ് വ്യക്തമാക്കി.
കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. പെൺകുട്ടിയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സലീം സമീപത്തെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയുടെ മാല പൊട്ടിച്ചിരുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ അന്ന് തന്നെ ലഭിച്ചെങ്കിലും മുഖം വ്യക്തമല്ലാത്തതിനാൽ പൊലീസ് രേഖാചിത്രം വരപ്പിച്ചു. പീഡനം നടന്ന ദിവസം ഇയാൾ തന്നെയാണ് പിള്ളേരുപടിയിലെ സിസിടിവിയിലും കുടുങ്ങിയത്. രണ്ട് സംഭവങ്ങളിലും പ്രതി ഒരേ വസ്ത്രം ധരിച്ചതും അന്വേഷണത്തിൽ നിർണായകമായി. സിസിടിവിയിലെ ശരീര ചലനങ്ങളും വ്യക്തമായതോടെ രണ്ടും ഒരാൾ തന്നെയാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു.
പ്രതിയെ പിടികൂടാനായി പല സംഘങ്ങളായി തിരിഞ്ഞ് കർണാടകയിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കയാണ് അന്വേഷണസംഘം. ഇയാളുടെ ബന്ധുവീടുകളിലടക്കം പരിശോധന നടത്തി. 14 വർഷം മുൻപാണ് സലീം കുടകിൽ നിന്ന് കാസർഗോഡ് എത്തിയത്. 2002 ജൂണിൽ ബന്ധുവായ പെൺകുട്ടിയെ സ്‌കൂട്ടറിൽ ആദൂർ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. കേസിൽ റിമാൻഡിലായി മൂന്ന് മാസത്തോളം ജയിലിലായിരുന്നു സലീം. ഇയാൾക്കെതിരെ കർണാടകയിലെ കുടക്, സുള്ള്യ സ്റ്റേഷനുകളിലും പിടിച്ചുപറി, മോഷണ കേസുകൾ ഉണ്ട്.