സഹോദര്യവും സമത്വവുമുള്ള പുതിയ ഒരു വിഷുക്കാലം കൂടി; വിഷു ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി...#Kerala

സാഹോദര്യവും സമത്വവും പുലരുന്ന പുതിയ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള ചുവടുവയ്പായിരിക്കട്ടെ ഈ വിഷു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പൈതൃകത്തിൻ്റെ ആഘോഷവും പ്രതീകവുമാണ്. വിഷു ആഘോഷങ്ങളുടെ കാതൽ ഐശ്വര്യവും സംതൃപ്തവുമായ ഭാവിയുടെ പ്രതീക്ഷകളാണ്.

  കർഷകനെയും കൃഷിയെയും സാമൂഹിക ജീവിതത്തിൻ്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു എന്നതാണ് മറ്റ് ആഘോഷങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഈ വർഷത്തെ വിഷു നമ്മുടെ കാർഷിക സംസ്കാരത്തെ വീണ്ടെടുക്കാനും സമ്പന്നമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാണ്.

  സമത്വത്തിൻ്റെ കാലമായിട്ടാണ് പഴമക്കാർ വിഷുവിനെ കാണുന്നത്. ജാതി മത ഭേദമന്യേ മനുഷ്യമനസ്സുകളുടെ സമത്വം ഉയർത്തിപ്പിടിക്കാൻ അത് പ്രചോദനമാകും. നാനാജാതി മതസ്ഥർ സൗഹാർദത്തോടെ ജീവിക്കുന്ന നമ്മുടെ നാട്ടിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനുള്ള ഗൂഢ പദ്ധതികളുമായി പ്രതിലോമ ശക്തികൾ മുന്നോട്ട് പോവുകയാണ്. ഈ അപകടം തിരിച്ചറിയാനും തടയാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുട്ടിൻ്റെ മേൽ വെളിച്ചത്തിൻ്റെ വിജയമായാണ് ഐതിഹ്യങ്ങൾ വിഷുവിനെ കാണുന്നതെന്നും അദ്ദേഹം ആശംസാ കുറിപ്പിൽ പറഞ്ഞു.