ഇറാനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുവാൻ അമേരിക്ക; എണ്ണ കയറ്റുമതിയെ ബാധിച്ചേക്കും...#Internationalnews

 


ഇറാനെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അമേരിക്ക. ഉപരോധം പ്രാബല്യത്തിൽ വന്നാൽ ഇറാൻ്റെ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചേക്കും. അതേസമയം, ഇറാനെതിരായ പ്രത്യാക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായേലിൻ്റെ യുദ്ധമന്ത്രിസഭ അഞ്ചാം തവണയും യോഗം ചേർന്നു. ഇസ്രയേൽ തിരിച്ചടി പരിമിതപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക.

അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ഇസ്രായേലിൻ്റെ തിരിച്ചടിയെ പിന്തുണയ്ക്കുന്നില്ല.

തിരിച്ചടിക്കാൻ ഇസ്രായേൽ നീക്കം നടത്തിയാൽ അമേരിക്ക ഇടപെടില്ലെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചു. തിരിച്ചടിക്കണമെന്ന് ഇസ്രായേലിൻ്റെ യുദ്ധകാല കാബിനറ്റിൽ അഭിപ്രായമുയർന്നിരുന്നുവെങ്കിലും തീരുമാനമായില്ല.

ഇറാൻ പോലൊരു വലിയ രാജ്യവുമായി യുദ്ധമുഖം തുറക്കുന്നതും പശ്ചിമേഷ്യയെ യുദ്ധത്തിന് തുറന്നുകൊടുക്കുന്നതും അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയിലെയും ബ്രിട്ടനിലെയും ആഭ്യന്തര സാഹചര്യവും ഈ വിലയിരുത്തലിന് കാരണമാകുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിൽ, ഇസ്രായേൽ തിരിച്ചടിച്ചാൽ അമേരിക്ക ഇടപെടില്ലെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ഇസ്രായേലിൻ്റെ പ്രതിരോധത്തിനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കുമെന്നും ബൈഡൻ വ്യക്തമാക്കി