ഉഷ്ണതരംഗ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോർജ്... #HeatWaveAlert

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതരമായ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.  നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കുക.

  നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന പ്രതിരോധ നടപടി.  ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായാൽ വൈദ്യസഹായം തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

  അന്തരീക്ഷ ഊഷ്മാവ് സാധാരണയേക്കാൾ തുടർച്ചയായി ഉയർന്നാൽ താപ തരംഗമാണ്.  ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.  അതുകൊണ്ട് വളരെ ശ്രദ്ധിക്കണം.

. രാവിലെ 11 മണിക്കും 3 മണിക്കും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ പതിക്കുന്നത് ഒഴിവാക്കുക.

.കിടപ്പിലായവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ എന്നിവർ ഈ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

  · അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

  · പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക.  കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതാണ് നല്ലത്.

 ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലത്.

· നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

· കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.

· കുട്ടികള്‍ക്ക് ധാരാളം വെള്ളം നല്‍കുക.

· പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധമായിരിക്കണം.

· പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ്. ലായനി, സംഭാരം തുടങ്ങിയവ നല്ലത്.

· കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.

· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.

· ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക.

· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.