അടിയന്തര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് നിർദേശം നൽകി ഇന്ത്യൻ എംബസി... #GulfNews

യുഎഇയിൽ കനത്ത മഴയിൽ വിമാന സർവീസുകൾ താറുമാറായി. ദുബായ് വിമാനത്താവളത്തിൽ ഇപ്പോഴും യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രവർത്തനം ഉടൻ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നതുവരെ യുഎഇയിലുള്ള ഇന്ത്യക്കാരോട് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും എംബസിയും പ്രളയബാധിതരായ ഇന്ത്യക്കാരെ ബന്ധപ്പെടാൻ ഹെൽപ്പ് ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്.

  യുഎഇയിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ദുബായ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്. പ്രവർത്തനം ഭാഗികമായി മാത്രമേ പുനരാരംഭിച്ചിട്ടുള്ളൂ. ഇന്നും സ്ഥിരീകരിച്ച യാത്രക്കാരോട് മാത്രമേ വിമാനത്താവളത്തിലെത്താൻ അധികൃതർ നിർദേശിച്ചിട്ടുള്ളൂ. എമിറേറ്റ്‌സ് എയർലൈൻസ് ഇന്ന് അർദ്ധരാത്രി വരെ ദുബായ് വഴിയുള്ള കണക്ഷൻ വിമാനങ്ങളുടെ ചെക്ക്-ഇൻ താൽക്കാലികമായി നിർത്തിവച്ചു.

  ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഈ മാസം 21 വരെ ടിക്കറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് റീഷെഡ്യൂൾ ചെയ്യുന്നതിൽ ഒറ്റത്തവണ ഇളവും റദ്ദാക്കുന്നതിനുള്ള മുഴുവൻ പണവും തിരികെ നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസ് ഇന്നും തടസ്സപ്പെട്ടു. കൊച്ചിയിൽ നിന്ന് ദുബായ് വഴി യുകെയിലേക്കുള്ള യാത്ര തടസ്സപ്പെട്ടവർ ടിക്കറ്റ് തുക ആവശ്യപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

  കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ തന്നെ തിരിച്ചിറക്കി. യാത്രക്കാർക്ക് പണം തിരികെ നൽകാൻ തയ്യാറാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. അതേസമയം, യുഎഇയിൽ മഴക്കെടുതിയിൽ നാല് പേർ മരിച്ചു. രണ്ട് സ്ത്രീകളടക്കം മൂന്ന് ഫിലിപ്പീൻസുകാരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കനത്ത മഴയിൽ വെള്ളക്കെട്ട് നീക്കി ജനജീവിതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്.
MALAYORAM NEWS is licensed under CC BY 4.0