ലോകസഭാ തെരഞ്ഞെടുപ്പ് ; തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകൾ ...#Election


 ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തുന്നുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള കൺട്രോൾ റൂമുകളിൽ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന ചെക്ക്‌പോസ്റ്റുകളിൽ നിന്നുള്ള ദൃശ്യങ്ങൾ, വാഹനങ്ങളിൽ ഘടിപ്പിച്ച ഫ്ലൈയിംഗ് സ്ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ എന്നിവ ഉൾപ്പെടെ എല്ലാ പ്രധാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തത്സമയം നിരീക്ഷിക്കുന്നു.

20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആർഒമാരുടെ കൺട്രോൾ റൂമുകളിലും ദൃശ്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന കേന്ദ്രങ്ങളിൽ 391 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പണ വേളയിൽ എല്ലാ ഇലക്ടറൽ ഓഫീസർമാരുടെയും ഓഫീസുകളുമായി ബന്ധപ്പെട്ട് 187 ക്യാമറകൾ സ്ഥാപിക്കുകയും നിരീക്ഷിക്കുകയും ചെയ്തു.

അവശ്യ സേവന വിഭാഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും തപാൽ വോട്ടിംഗ് സൗകര്യം നൽകുന്ന തൽസമയ നിരീക്ഷണ സംവിധാനം കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിലും പോളിംഗ് ദിവസം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിക്കും.

സ്‌ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഇതേ രീതിയിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. സുതാര്യവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് തത്സമയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.