ബജാജ് ഫിനാൻസ് ലിമിറ്റഡ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. നിബന്ധനകൾക്ക് വിധേയമായി എല്ലാ നിക്ഷേപങ്ങൾക്കും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം മൂന്ന് മുതലാണ് പുതിയ പലിശ നിരക്ക് നിലവിൽ വന്നത്. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ഏറ്റവും വലിയ വർധന. 25 മുതൽ 35 മാസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ 60 ബേസിസ് പോയിൻ്റ് വർധിപ്പിച്ചു. മുതിർന്ന പൗരന്മാരുടെ 18 മുതൽ 24 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 40 ബേസിസ് പോയിൻ്റുകൾ വർധിപ്പിച്ചിട്ടുണ്ട്.
60 വയസ്സിന് താഴെയുള്ളവരുടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. 25 മുതൽ 35 മാസം വരെയുള്ള ഇത്തരം നിക്ഷേപങ്ങളുടെ പലിശ നിരക്ക് 45 ബേസിസ് പോയിൻ്റ് വർധിപ്പിച്ചു.
18 മുതൽ 22 മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 40 ബേസിസ് പോയിൻ്റും 30 മുതൽ 33 മാസത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് 35 ബേസിസ് പോയിൻ്റുമാണ് പലിശ നിരക്ക് വർധിപ്പിച്ചത്. 42 മാസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലും ആകർഷകമായ വർധനവുണ്ടായിട്ടുണ്ട്. 42 മാസം വരെയുള്ള സ്ഥിരനിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് ഏറ്റവും ഉയർന്ന നിരക്ക് 8.85% ലഭിക്കുന്നത് തുടരും. 60 വയസ്സിന് താഴെയുള്ളവർക്ക് സ്ഥിരനിക്ഷേപത്തിന് 8.60% വാർഷിക പലിശ. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് ബജാജ് ഫിനാൻസ്. ബജാജ് ഫിനാൻസിന് കഴിഞ്ഞ സാമ്പത്തിക വർഷം 60,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു.