ദേശീയപാത നിർമ്മാണത്തിനിടെ വീടുകൾക്ക് വിള്ളൽ; 5 വീടുകളാണ് അപകടാവസ്ഥയിൽ ...#Cracks

 


ദേശീയപാത നിർമാണത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് വീടുകളിൽ വിള്ളൽ രൂപപ്പെട്ടു. അഞ്ച് വീടുകൾ അപകടാവസ്ഥയിലായി.  വീടും സ്ഥലവും ദേശീയാ പാത അതോറിറ്റി ഏറ്റെടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കുറ്റിപ്പുറം ബംഗ്ലാംകുന്ന് ഭാഗത്ത് ഏഴോളം വീടുകളിൽ വിള്ളലുണ്ടായിട്ടുണ്ട്. ഇതിൽ 2 വീടുകൾ പൂർണമായും വാസയോഗ്യമല്ലാത്ത വിധത്തിൽ തകർന്നിട്ടുണ്ട്. പ്രദേശത്ത് മീറ്ററുകളോളം താഴ്ചയിൽ പുതിയ റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാൻ കോൺക്രീറ്റ് ബിറ്റ് കുന്നിൻറെ ഉൾഭാഗത്തേക്ക് അടിച്ചു കയറ്റിയതോടെയാണ് മുകളിലത്തെ വീടുകൾക്ക് വലിയ തോതിലുള്ള വിള്ളലുകൾ സംഭവിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓരോ മണിക്കൂറിലും വിള്ളലിൻ്റെ വ്യാപ്തി വർധിക്കുന്നതിനാൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ 15നാണ് വീടിൻ്റെ ചില ഭാഗങ്ങളിൽ ആദ്യം വിള്ളൽ കണ്ടത്. ഇതോടെ കുടുംബങ്ങൾ അധികൃതർക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ 15 ദിവസത്തിനകം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ മറുപടി നൽകുകയും ചെയ്തു. ഇതിനിടയിലാണ് വീടിൻ്റെ വിള്ളൽ കൂടുതൽ വന്നത്. പരാതിയെ തുടർന്ന് കെഎൻആർസിയുടെ സാങ്കേതിക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വാസയോഗ്യമല്ലാത്ത വീടുകളിൽ നിന്ന് ഉടൻ മാറാൻ കമ്പനി അധികൃതർ കുടുംബങ്ങളോട് നിർദേശിച്ചിട്ടുണ്ട്. നേരത്തെ വിള്ളൽ കണ്ട വീടുകളുടെ മറ്റു ഭാഗങ്ങളിലും വിള്ളലുണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.

MALAYORAM NEWS is licensed under CC BY 4.0