വിജിലൻസ് പരിശോധന, മദ്യപിച്ചെത്തിയ ഡ്രൈവർമാർ മുങ്ങി;മുടങ്ങിയത് 15 KSRTC സര്‍വീസുകള്‍ ... #KSRTC


 വിജിലൻസ് പരിശോധന ശക്തമാക്കിയതോടെ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ കൂട്ട അവധി. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിൽ 15 കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. യാത്രക്കാർ ദുരിതത്തിൽ. ബദൽ സംവിധാനം ഒരുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മണ്ഡലമാണ് പത്തനാപുരം. മന്ത്രിയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് വാഹനമോടിച്ച രണ്ടുപേരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ മുതൽ ഡ്യൂട്ടിക്ക് എത്തിയ ഡ്രൈവർമാരെ സ്ക്വാഡ് പരിശോധിച്ചു. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തപ്പോൾ അറിഞ്ഞ മറ്റു ഡ്രൈവർമാർ ഡ്യൂട്ടിക്ക് പോയില്ല. ഇതുമൂലം ദീർഘദൂര, ഹ്രസ്വദൂര സർവീസുകൾ പലതും മുടങ്ങി.

കസ്റ്റഡിയിലെടുത്തവർക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണ്. ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിക്കുന്നു. ഗതാഗത മന്ത്രി കൂടിയായ ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയതെന്നാണ് സൂചന.

നേരത്തെ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ മദ്യപിച്ചതിനും ഡ്യൂട്ടിയിൽ മദ്യം സൂക്ഷിച്ചതിനും അച്ചടക്ക നടപടി എടുത്തിരുന്നു. 2024 ഏപ്രിൽ 1 മുതൽ 15 വരെയുള്ള കെഎസ്ആർടിസി വിജിലൻസിൻ്റെ പ്രത്യേക സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിൻ്റെ ഭാഗമായാണ് നടപടി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0