ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 08 ഏപ്രിൽ 2024 #NewsHeadlines

● ദില്ലി മദ്യനയ അ‍ഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ദില്ലി റൗസ് അവന്യു കോടതി ഇന്ന് വിധി പറയും. മകന്റെ പരീക്ഷ അടക്കം ചൂണ്ടിക്കാട്ടിയാണ് കവിത കോടതിയെ സമീപിച്ചത്.

● അവധിക്കാല ക്ലാസുകള്‍ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

● സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രുപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക. പെന്‍ഷന്റെ ഒരു ഗഡു നേരത്തെ വിതരണം ആരംഭിച്ചിരുന്നു. ഇതോടെ ആഘോഷകാലത്ത് പെന്‍ഷനായി ലഭിക്കുക 4800 രൂപ വീതമാകും.

● ബിബിസിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ ആദായനികുതി ലംഘനത്തിന്റ പേരിലുള്ള തുടര്‍ച്ചയായ നടപടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രസിദ്ധീകരണ ലൈസന്‍സ് ‘കളക്ടീവ് ന്യൂസ് റൂം' എന്ന കമ്പനിക്ക് കൈമാറിയതായും ബിബിസി അറിയിച്ചു.

● ശബരിമലയിൽ പ്രസാദ വിതരണത്തിനുള്ള കണ്ടെയ്‌നറുകൾ നിർമിക്കാൻ നാലു കോടി രൂപ ചെലവിൽ നിലയ്‌ക്കലിൽ ഈ വർഷം ഫാക്ടറി സ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തീരുമാനിച്ചു. നാണയം എണ്ണുന്നതിന്‌ നിർമിത ബുദ്ധി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന യന്ത്രങ്ങളിൽ ആദ്യത്തേത്‌ ചിങ്ങത്തിൽ സ്ഥാപിക്കും. തുടർന്ന്‌ രണ്ട്‌ യന്ത്രംകൂടി സ്ഥാപിക്കാനും പ്രസിഡന്റ്‌ പി എസ്‌ പ്രശാന്തിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

● സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്.

● കടുത്ത ജലക്ഷാമത്തിനിടെ ബംഗളൂരുവിനെ വലച്ച് അന്തരീക്ഷ താപനിലയും റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസം പകല്‍ 38 ഡിഗ്രി സെല്‍ഷ്യസാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂടേറിയ കാലാവസ്ഥയിലൂടെയാണ് ബംഗളൂരു നഗരം കടന്നു പോകുന്നത്. 
MALAYORAM NEWS is licensed under CC BY 4.0