ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. കൊതുകിൻ്റെ ഉറവിട നശീകരണത്തിന് ഊന്നൽ നൽകണം. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കൊതുക് കടിയേൽക്കാതിരിക്കാൻ മുൻകരുതൽ എടുക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണും മലിനജലവും കൈകാര്യം ചെയ്യുന്നവർ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാനും മന്ത്രി നിർദേശിച്ചു.
• കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിക്കെതിരെയുള്ള പ്രധാന സംരക്ഷണം കൊതുകിൽ നിന്നുള്ള സംരക്ഷണമാണ്. അതിനാൽ വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. രാവിലെയും വൈകുന്നേരവും വീടിൻ്റെ ജനലുകളും വാതിലുകളും അടച്ചിടണം. അടച്ചിടുന്നതിനു മുമ്പ് വീടിനുള്ളിൽ ഫ്യൂമിഗേഷൻ നടത്തുന്നത് വീടിനുള്ളിലെ കൊതുകുകളെ തുരത്താൻ സഹായിക്കും. കൊതുക് പെരുകുന്ന സ്ഥലങ്ങളിൽ ജനലുകളും വാതിലുകളും വല കെട്ടി സംരക്ഷിക്കണം.
Also Read : ഇന്ത്യന്‍ മഹാ സമുദ്രവും ഡെങ്കി പനിയുമായി ബന്ധമുണ്ടോ ? ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തലുകള്‍ ഞെട്ടലുണ്ടാക്കുന്നത്..
• കെട്ടിടങ്ങൾക്കകത്തും പുറത്തും മേൽക്കൂരയിലും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങൾ, വൈക്കോൽ, തൊണ്ട്, ടയറുകൾ, മുട്ടത്തോട്, ക്യാനുകൾ തുടങ്ങിയവ വലിച്ചെറിയരുത്.
• വീടിനുള്ളിൽ, പൂച്ചട്ടികൾക്കടിയിൽ വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിനടിയിൽ വെള്ളം കെട്ടിക്കിടക്കുന്ന ട്രേകളിലും കൊതുകുകൾ മുട്ടയിടാൻ സാധ്യതയുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും അവ വൃത്തിയാക്കുക.
• വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചിടുക.
• ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുക് കടിക്കാതിരിക്കാൻ കൊതുക് വലകളും ലേപനങ്ങളും ഉപയോഗിക്കുക.
• പനിയുള്ളവർ കൊതുകുകടി ഏൽക്കാനുള്ള സാധ്യത പരമാവധി കുറയ്ക്കണം.
Also Read : ഇന്ത്യന്‍ മഹാ സമുദ്രവും ഡെങ്കി പനിയുമായി ബന്ധമുണ്ടോ ? ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തലുകള്‍ ഞെട്ടലുണ്ടാക്കുന്നത്..
• വേനൽക്കാലമായതിനാൽ ജലജന്യ രോഗങ്ങൾ, ചിക്കൻ പോക്‌സ്, മലമ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കുക. വേനൽക്കാലത്ത് ശുദ്ധജലത്തിൻ്റെ അഭാവം മൂലം വയറിളക്ക രോഗങ്ങൾ, ഹെപ്പറ്റൈറ്റിസ്-എ, ഹെപ്പറ്റൈറ്റിസ് ഇ, കോളറ, ടൈഫോയ്ഡ്, ഷിഗെല്ല തുടങ്ങിയ ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉയർന്ന ചൂട് നിർജലീകരണത്തിന് കാരണമാകുമെന്നതിനാൽ ദാഹം തോന്നിയില്ലെങ്കിൽ പോലും വെള്ളം കുടിക്കുക. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്. സ്വയം മരുന്ന് കഴിക്കരുത്. നീണ്ടുനിൽക്കുന്ന പനി പകർച്ചവ്യാധിയാകാം, എത്രയും വേഗം ചികിത്സിക്കണം.