ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 28 ഫെബ്രുവരി 2024 #NewsHeadlines

• സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

• ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത് തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ് ടെസ്റ്റ് പൈലറ്റുമാർ.

• ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സുസജ്ജമായി എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനും ഏറെ മുമ്പേ 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ബൂത്ത്, മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് ഉടന്‍ തുടക്കമാകും.

• മലയാള സിനിമകളുടെ റിലീസ്‌ തുടരുമെന്നും പ്രശ്‌നങ്ങൾ ചർച്ചചെയ്‌ത്‌ പരിഹരിക്കുമെന്നും ഫിയോക്‌ ചെയർമാൻ ദിലീപ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിയറ്ററുകൾ അടച്ചിട്ട്‌ സമരം നടത്തുന്നില്ലെന്നും പറഞ്ഞു. മലയാള സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്യുന്നത്‌ നിർത്തിവയ്ക്കാൻ നേരത്തേ ഫിയോക്‌ തീരുമാനിച്ചിരുന്നു.

• ശബരിമല മേൽശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ ഇടപെടാൻ കരണങ്ങളില്ലെന്ന് ഹൈക്കോടതി. മലയാളി ബ്രാഹ്മണരെ മാത്രം നിയമിച്ചാൽ മതിയെന്ന വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. ദേവസ്വം ബോർഡിന് കാര്യങ്ങൾ തീരുമാനിക്കാം. കീഴ്വഴക്കമനുസരിച്ച് തീരുമാനമെടുക്കാം.