ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ : 20 ഫെബ്രുവരി 2024 #NewsHeadlines

• തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നുമാണ് രണ്ടരവയസ്സുകാരിയെ കിട്ടിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയെന്നും തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍ പറഞ്ഞു.

• തിരുവനന്തപുരം പേട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തിയതിൽ കേരള പൊലീസിനും ജനങ്ങൾക്കും നന്ദി പറഞ്ഞ് കുടുംബം.

• വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്‌ന വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തില്‍ എത്തുകയായിരുന്നു. ആന തിരിച്ചെത്തിയതോടെ മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

• ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും ഇന്ന് ഹാജരാക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വർണാധികാരി അനിൽ മസീഹിനോടും സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

• സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.