69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി അല്ലു അർജുൻ. ‘പുഷ്പ’യിലെ പ്രകടനത്തിനാണ് അല്ലു അർജുനെ തെരഞ്ഞെടുത്തത്. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മികച്ച ഫീച്ചർ ചിത്രമായി ആർ. മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി ഇഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ദി കശ്മീർ ഫയൽസിന് ലഭിച്ചു.
മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. നവാഗത സംവിധായകനുള്ള അവാർഡ് ‘മേപ്പടിയാൻ’ ഒരുക്കിയ വിഷ്ണുമോഹന് ലഭിച്ചു. മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘കണ്ടിട്ടുണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു.