സ്വത്ത് തട്ടിയെടുക്കാൻ സഹോദരൻ്റെ ഭാര്യയെ കൊന്നു.. #CrimeNews

കുടുംബ വഴക്കിനെ തുടർന്ന് വർക്കല അയിരൂരിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ചു.  അയിരൂർ കളത്തറ എംഎസ് വില്ലയിൽ പരേതനായ സിയാദിന്റെ ഭാര്യ ലീന (56) യെയാണ് ഭർത്താവിന്റെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.  ലീനയുടെ ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, മുഹ്‌സിൻ, ഷാജി എന്നിവരാണ് കൃത്യം നടത്തിയതെന്നും ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

  ലീനയുടെ ഭർത്താവ് സിയാദ് ഒന്നര വർഷം മുൻപാണ് മരിച്ചത്.  ഇതിന് പിന്നാലെ സിയാദിന്റെ പേരിലുള്ള സ്വത്തും സ്വത്തുക്കളും കൈക്കലാക്കാൻ സിയാദിന്റെ സഹോദരങ്ങൾ ശ്രമിച്ചതായും പരാതിയുണ്ട്.  ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നിലവിലുണ്ട്.  ഒന്നരമാസം മുമ്പാണ് സിയാദിന്റെ സഹോദരൻ അഹദും കുടുംബവും ലീനയുടെ വീട്ടിലേക്ക് താമസം മാറിയത്.  ഇന്നലെയാണ് ലീനയെ സംരക്ഷിക്കാൻ കോടതി ഉത്തരവിട്ടത്.  ഈ ഉത്തരവുമായി ഇന്നലെ പൊലീസ് വീട്ടിലെത്തിയിരുന്നു.  ഇത് ഞായറാഴ്ച പുലർച്ചെ സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചതായാണ് പ്രാഥമിക വിവരം.

  ഞായറാഴ്ച രാവിലെ വിവാഹത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് ലീനയെ ബന്ധുക്കൾ ആക്രമിച്ചത്.  ഭർത്താവിന്റെ സഹോദരങ്ങളായ അഹദ്, ഷാജി, മുഹ്‌സിൻ എന്നിവർ ലീനയെ വടികൊണ്ട് അടിക്കുന്നതും വെട്ടുന്നതും പതിവായിരുന്നു.

  അഹദിന്റെ ഭാര്യയും വീട്ടമ്മയെ ആക്രമിച്ചതായി 20 വർഷമായി ലീനയ്‌ക്കൊപ്പം താമസിക്കുന്ന സരസു പറഞ്ഞു.  ഗുരുതരമായി പരിക്കേറ്റ ലീനയെ വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.