ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും | 12 ജൂലായ് 2023 | #Short_News #News_Headlines

• തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി പ്രഖ്യാപനം ഇന്ന് നടക്കും. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് വിധി പ്രസ്താവിക്കുക. പോപ്പുലർ ഫ്രണ്ട് നേതാവ് നാസറടക്കം 11 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.

• മൂന്നാം തവണയും ഇ ഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടിയതില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. കാലാവധി നീട്ടിയ നടപടി സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായ ഹര്‍ജി പരിഗണിച്ചതിന് പിന്നാലെയാണ് കോടതി ഉത്തരവ്.

• ഐഎംഎയ്ക്ക് നികുതി ഇളവിന് അർഹതയില്ലന്ന് ജി.എസ്.ടി. ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരമുള്ള നികുതിയിളവിന് ഐ.എം.എയ്ക്ക് അർഹതയില്ലെന്നും 50 കോടി രൂപ നികുതി കുടിശികയായി ഐഎംഎയ്ക്ക് ഉണ്ടെന്നും ജിഎസ്ടി കൗൺസിൽ വ്യക്തമാക്കി.

• പ്രായപൂർത്തിയായ ഗുസ്‌തി താരങ്ങളെ ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്‌ ലൈംഗീകാതിക്രമത്തിന്‌ വിധേയമാക്കിയിട്ടുണ്ടെന്നും പ്രതി ശിക്ഷക്കപ്പെടാൻ അർഹനാണെന്നും ഡൽഹി പൊലീസ്‌.

• ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി. കൗണ്ട്‌ ഡൗണിന്റെ തുടക്കംമുതൽ വിക്ഷേപണത്തിന്‌ തൊട്ടുമുമ്പുവരെയുള്ള തയ്യാറെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പരിശോധനയാണ്‌ ഇത്‌.  ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്സ്‌ സെന്ററിൽ നടന്ന പരിശോധന 24 മണിക്കൂർ നീണ്ടു.

• ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ ഹിമാചൽപ്രദേശിൽ 4000 കോടിയുടെ നാശനഷ്ടം. മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും ജലവിതരണപദ്ധതികൾ താറുമാറായതോടെ ഷിംലയിൽ കുടിവെള്ളക്ഷാമം രൂക്ഷം. നിരവധി മലയാളികൾ ഹിമാചലിൽ കുടുങ്ങികിടക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ തുടരുന്ന പേമാരിയിൽ മരണം നൂറ്‌ കടന്നിട്ടുണ്ടാകുമെന്നാണ്‌ അനൗദ്യോഗികകണക്ക്‌.

• സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

• കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എല്ലാ ക്യാമ്പസുകളിലും ഇനി ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ യാഥാർത്ഥ്യമാകുന്നു. കഴിഞ്ഞ മെയ്‌ 26ന് കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ ഈ ഉത്തരവ് നടപ്പിലാക്കിയതിനു പിന്നാലെയാണ് സർവ്വകലാശാല മുഴുവനായി ഇത് നടപ്പിലാക്കുന്നത്.

• സിനിമാ തിയറ്ററുകളിലെ ഭക്ഷണത്തിന് ഇനി വില കുറയും. സിനിമാ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ തീരുമാനമായി.

• തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

• ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ചാരവൃത്തി കേസിൽ കുടുങ്ങിയതിന് പിന്നാലെ വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനും ചാരവൃത്തിക്കേസിൽ അറസ്റ്റിൽ. വിദേശകാര്യ വകുപ്പിലെ പല സുപ്രധാന വിവരങ്ങളും പാകിസ്ഥാന് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് നവീൻ പാൽ എന്ന വ്യക്തിയെയാണ് ഗാസിയബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.