വർഗീയ കലാപം നിലനിൽക്കുന്ന മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പൊലീസ് തടഞ്ഞു. ബിഷ്ണുപുരിൽ മണിപ്പൂർ പോലീസ് രാഹുലിനെ തടഞ്ഞു. വിമാനത്താവളത്തിൽ നിന്ന് 25 കിലോമീറ്റർ പിന്നിട്ട ശേഷമായിരുന്നു പോലീസിന്റെ ഈ നടപടി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്ന് രാവിലെയാണ് മണിപ്പൂരിലെത്തിയത്. രാഹുൽ ഗാന്ധി വരുമ്പോഴും മണിപ്പൂരില് സംഘർഷം ഉടലെടുത്തിരുന്നു. കാങ്‌പോക്‌പി ജില്ലയിൽ പുലർച്ചെയുണ്ടായ വെടിവെപ്പിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് രാഹുലിന്റെ ദ്വിദിന സന്ദർശന പരിപാടി പ്രഖ്യാപിച്ചത്. രണ്ട് മാസത്തോളമായി മണിപ്പൂർ കത്തുകയാണെന്നും ഇത് മാനുഷിക ദുരന്തമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിദ്വേഷമല്ല സ്നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കെ.സി.വേണുഗോപാൽ കൂട്ടിച്ചേർത്തു.