ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ | 16 ജൂൺ 2023 | #News_Headlines #Short_News

● ബിപോർജോയ് ചുഴലിക്കാറ്റിനെ തുടർന്നുള്ള അതിശക്തമായ കാറ്റിലും മഴയിലും ​ഗുജറാത്തിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ തീരമേഖലയിൽ നിരവധി വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ​ഗുജറാത്ത് തീരത്ത് അതീവ ജാ​ഗ്രതാ നിർദ്ദേശമുണ്ട്.
● കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് വാഗാദാനമായ അന്ന ഭാഗ്യ പദ്ധതി അനുസരിച്ച് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്സിഐ) നിന്ന് വാങ്ങാന്‍ തീരുമാനമായ രണ്ട് കോടി 28 ലക്ഷം മെട്രിക് ടണ്‍ അരി നല്‍കേണ്ടതില്ലെന്ന് കേന്ദ്രം എഫ്സിഐക്ക് നിര്‍ദേശം നല്‍കി.

● ആരോ​ഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോ​ഗ്യരംത്തെ ഉയർന്ന ഉദ്യോ​ഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്ച്, മോളിക്യുലാർ ഇമ്മ്യൂണോളജി, കാൻസർ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തമായ ക്യൂബൻ ആരോ​ഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ചർച്ചയിൽ സൂചിപ്പിച്ചു.

● റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് പ്രതിഷേധിച്ച ഗുസ്തി താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു. രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാരിന് അഭ്യർത്ഥന അയച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

● ബിരുദധാരികൾക്ക്‌ സ്‌റ്റൈപെൻഡോടെ ഐടി പാർക്കുകളിൽ ഇന്റേൺഷിപ്പിന്‌ അവസരമൊരുക്കാൻ സർക്കാർ ആവിഷ്‌കരിച്ച ഇഗ്‌നൈറ്റ്‌ പദ്ധതിയുടെ രണ്ടാംപതിപ്പിന്‌ ശനിയാഴ്‌ച തുടക്കം. ഇഗ്‌നൈറ്റിന്റെ ആദ്യ പതിപ്പിൽ ഇന്റേൺഷിപ്‌ ചെയ്‌ത 175 ൽ 90 ശതമാനം പേരും  വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചു.

● 288 പേരുടെ മരണത്തിനു കാരണമായ ബാലസോർ അപകടത്തിനു മുൻപു തന്നെ പലയിടത്തും റെയിൽവേ സിഗ്നലിങ്ങിൽ ഗുരുതരപിഴവുകൾ ആവർത്തിച്ചിരുന്നുവെന്നു വ്യക്തമാക്കുന്ന റെയിൽവേ ബോർഡിന്റെ കത്ത് പുറത്തുവന്നു. കൃത്യമായ പരിശോധനയില്ലാതെ സിഗ്നലിങ് നൽകുന്ന രീതിയുണ്ടെന്നും ഇതിനു ഫീൽഡ് തല ജീവനക്കാർ കുറുക്കുവഴികൾ തേടുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നുമാണ് ഏപ്രിൽ 3നു റെയിൽവേ സോണുകൾക്കു നൽകിയ കത്തിലുള്ളത്.

● സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. 

● പത്തു വർഷത്തിനുശേഷം ഇരുചക്രവാഹനം ഒഴികെയുള്ളവയ്ക്ക് വേഗപരിധി കൂട്ടാൻ സംസ്ഥാനത്തിന് പ്രേരണയായത് നല്ല റോഡും പശ്ചാത്തല സൗകര്യവും. ദേശീയ, സംസ്ഥാന, മലയോര, ജില്ലാ, ഗ്രാമീണ, നഗര റോഡുകളുടെയെല്ലാം വീതി കൂടി ഉന്നതനിലവാരത്തിലായി. പത്തുവർഷംമുമ്പുള്ള റോഡിന്റെ അവസ്ഥയല്ല ഇന്നുള്ളതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
MALAYORAM NEWS is licensed under CC BY 4.0