ജെല്ലിക്കെട്ടിന് അനുമതി, മൃഗ സ്നേഹികളുടെ അപേക്ഷ സുപ്രീം കോടതി തള്ളി. #Jallikkettu

ന്യൂഡൽഹി : ജെല്ലിക്കെട്ടിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അനുമതി നൽകി.  ജസ്റ്റിസ് കെ.എം.  ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.  ജെല്ലിക്കെട്ട് നിരോധനം മറികടക്കാൻ തമിഴ്നാട് പാസാക്കിയ നിയമത്തിനെതിരായ ഹർജികളിലാണ് വിധി.  തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്നും കോടതി പറഞ്ഞു.

  നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു.  നിരോധനം മറികടക്കാനാണ് തമിഴ്‌നാട് നിയമം പാസാക്കിയതെന്ന വാദം തമിഴ്‌നാട് പാസാക്കിയ ജല്ലിക്കെട്ട് നിയമം ശരിവച്ച സുപ്രീം കോടതി അംഗീകരിച്ചില്ല.  നിയമം പാസാക്കാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ എന്ന വാദവും കോടതി അംഗീകരിച്ചില്ല.  കർണാടകയും മഹാരാഷ്ട്രയും സമാനമായ നിയമം പാസാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

  2014ൽ ജന്തു ക്രൂരത നിയമപ്രകാരം ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു.  2017ലെ ഭേദഗതിയാണ് ജെല്ലിക്കെട്ട് നിയമവിധേയമാക്കിയത്.  ഇതിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് ഉൾപ്പെടെയുള്ള സംഘടനകൾ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചു.  കഴിഞ്ഞ ഡിസംബറിൽ വിധി പറയാൻ മാറ്റിയ ഹർജിയിലാണ് ഇന്നത്തെ വിധി.

  ഹർജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് കെ.എം.ജോസഫ് വിരമിക്കാനിരിക്കെയാണ് വിധി പ്രഖ്യാപിച്ചത്.  2014-ൽ ജസ്റ്റിസ് കെ.  രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് ജെല്ലിക്കെട്ട് നിരോധിച്ചത്.