#Exclusive_News : റോഡുവക്കിൽ പതിയിരിക്കുന്നത് മാരക രോഗങ്ങൾ, കണ്ണൂർ ഒടുവള്ളിയിൽ തള്ളിയത് സിറിഞ്ചും സൂചിയും ഉൾപ്പടെ മെഡിക്കൽ ലബോറട്ടറി മാലിന്യങ്ങൾ..

ആലക്കോട് : പാതയോരങ്ങളിൽ തള്ളുന്നത് പ്ലാസ്റ്റിക്കും കുപ്പികളും സാനിറ്ററി നാപ്കിനുകളും മാത്രമല്ല മാരക രോഗങ്ങൾ പടർത്തുവാൻ വരെ ശേഷിയുള്ള സിറിഞ്ചും സൂചിയും ബ്ലഡ് സാമ്പിൾ കണ്ടയ്നർ ഉൾപ്പടെയുള്ള മെഡിക്കൽ ലബോറട്ടറി മാലിന്യങ്ങളും.

ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് ഒരു പുതുമയല്ലാത്ത കാഴ്ച ആയി മാറിയപ്പോഴാണ്, അവയുടെ ദൂഷ്യ ഫലങ്ങൾ നമ്മൾ അനുഭവിച്ചു തുടങ്ങിയപ്പോഴാണ് മാലിന്യങ്ങളെ ഉറവിട സംസ്‌കരണം എന്ന രീതിയിലേക്ക് വരാൻ  ആരംഭിച്ചത്. അതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ശുചിത്വ കേരളം മിഷനിൽ ഉൾപ്പെടുന്ന ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തരംതിരിച്ച് സംസ്ക്കരിക്കുന്ന പ്രവർത്തനങ്ങൾ തുടരുമ്പോഴാണ് സമൂഹത്തിനാകെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ മാരക രോഗങ്ങൾ ഉൾപ്പടെ പടർത്തുവാൻ കാരണമായേക്കാവുന്ന ലാബുകളിൽ നിന്നുള്ള പ്ലാസ്റ്റിക്ക് വേസ്റ്റുകൾ വഴിയരികിൽ തള്ളിയിരിക്കുന്നത്.
തളിപ്പറമ്പിൽ നിന്നും ജില്ലാ അതിർത്തിയായ വായിക്കമ്പ വരെ പോകുന്ന പ്രധാന പാതയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒടുവള്ളിതട്ട് ഹാജിവളവിലാണ് ഇത്തരത്തിൽ അതീവ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടുന്ന മെഡിക്കൽ ലബോറട്ടറി മാലിന്യങ്ങൾ വളരെ അലക്ഷ്യമായി തള്ളിയിരിക്കുന്നത്. കാൽനട യാത്രക്കാർ ഉൾപ്പടെ കടന്നുപോകുന്ന വഴിയിലാണ് സിറിഞ്ചും സൂചിയും ബ്ലേഡും ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ തീപിടുത്തം ഉണ്ടായിരുന്നു.
തീ പിടുത്തത്തിൽ വളർന്നുനിന്ന കാടും പുല്ലുകളും കത്തി നശിച്ചപ്പോഴാണ് കെട്ടുകളായി ഉപേക്ഷിച്ച നിലയിൽ ഇത്തരം മാലിന്യങ്ങൾ കണ്ടെത്തിയത്. ഫയര്ഫോഴ്സ്ഉം നാട്ടുകാരും ഒരുമിച്ച് പരിശ്രമിച്ചാണ് തീപിടുത്തം തടയാനായത്. ഈ സമയത്ത് പലരും ഇവയിൽ സ്പർശിച്ചിട്ടുണ്ടാകാം എന്നത് ഭീതിയുണർത്തുന്ന കാര്യമാണ്.
ബന്ധപ്പെട്ട അധികാരികളിലേക്ക് ഈ വിഷയം എത്തേണ്ടതും കാരണക്കാരെ കണ്ടുപിടിച്ച് സമൂഹത്തിൽ വൻ പ്രത്യാഘാതം സൃഷിട്ടിച്ചേക്കുന്ന ഇത്തരം പിതൃശൂന്യ പ്രവർത്തനങ്ങൾ നടത്തിയവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
MALAYORAM NEWS is licensed under CC BY 4.0