#WOMENS_DAY : അന്തർദേശീയ വനിതാ ദിനത്തിൽ വൈവിധ്യങ്ങളായ പരിപാടികളുമായി ബ്ലഡ് ഡോണേഴ്‌സ് കേരള എയ്ഞ്ചൽ വിങ് കണ്ണൂർ ജില്ലാ കമ്മിറ്റി.

തളിപ്പറമ്പ് : ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലയിലെ എല്ലാ അംഗീകൃത ബ്ലഡ് ബാങ്കുകളിലും വനിതകളുടെ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു. മുന്നൂറോളം പേർ രക്തം ദാനം ചെയ്തു.
തളിപ്പറമ്പ് കേന്ദ്രീകരിച്ച് വനിതാ റാലിയും ശ്രേഷ്ഠ വനിതാ പുരസ്കാര സമർപ്പണവും വനിതാ സമ്മേളനവും നടന്നു. ലൂർദ്ദ് നഴ്സിംഗ് കോളേജുമായി സഹകരിച്ച് നടത്തിയ റാലി താലൂക്ക് ഓഫീസ് പരിസരത്ത് ആർ ഡി ഒ ഇ.പി മേഴ്സി ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് ലൂർദ്ദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലൂർദ്ദ് എജ്യുക്കേഷണൽ അക്കാദമി ഡയറക്ടർ രാഖി ജോസഫിൻ്റെ അധ്യക്ഷതയിൽ തലശ്ശേരി സബ് ജഡ്ജും ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ വിൻസി ആൻ പീറ്റർ ജോസഫ് ഉദ്ഘാടനം ചെയ്തു.
ശ്രേഷ്ഠ വനിതാ പുരസ്കാരം വൈകല്യങ്ങളെ അതിജീവിച്ച ചിത്രകാരി സുനിത തൃപ്പാണിക്കരയ്ക്ക് സമർപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പ്രേമലത വനിതാ ദിന സന്ദേശം നൽകി.
ടെലിഫിലിം അഭിനേത്രി അപർണ സുനിലിന് സ്നേഹോപഹാരം നൽകി.നിർധനരായ കാൻസർ രോഗികൾക്ക് സൗജന്യ  വിഗ്ഗ് നിർമ്മിക്കുന്നതിനായുള്ള കേശദാനം - സ്നേഹ ദാനം പദ്ധതിയിലേക്ക് മുടി ദാനം ചെയ്തവരിൽ നിന്നും എയ്ഞ്ചൽസ് വിംഗ് ജില്ലാ പ്രസിഡൻ്റ് സിനി ജോസഫ് മുടി ഏറ്റുവാങ്ങി. ലൂർദ്ദ് കോളേജ് എൻ എസ് പ്രോഗ്രാം ഓഫീസർ നിമ്മി അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധി ആൻ്റല്യ ടൈറ്റസ്, സുനിത തൃപ്പാണിക്കര, അപർണ സുനിൽ എന്നിവർ സംസാരിച്ചു. എയ്ഞ്ചൽസ് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി രേഷ്മ രാജേഷ് സ്വാഗതവും വിജി വിനോദ് നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.