#ORMMA_MARAM : വിശേഷദിവസങ്ങൾ ഓർമ്മ മരമായി നിലനിൽക്കും, ആഘോഷങ്ങൾ അതിരുവിടുന്ന കാലത്ത് ഓർമ്മ മരങ്ങളുമായി ഒരു നാട് വ്യത്യസ്ഥമാകുന്നു...

ആലക്കോട് : വിവാഹമുൾപ്പടെയുള്ള വിശേഷ ദിവസങ്ങളോടനുബന്ധിച്ച് വ്യത്യസ്ത ആഘോഷങ്ങളെക്കുറിച്ചു നാം കേൾക്കാറുണ്ട്, ചിലത് അതിര് കടക്കുന്നവയും ചിലത് സമൂഹത്തിൽ ഗുണകരമാവുന്നവയുമാണ്. ഇവിടെയിതാ ഒരു നാട് മുഴുവൻ വിവാഹിതരെ വരവേൽക്കുന്നത് കാലങ്ങളോളം നിലനിൽക്കുന്ന ഓർമ്മകളോടെയാണ്.
കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗരയിലാണ് ഓർമ്മകളെ മധുരത്തോടെ നിലനിർത്തുവാൻ ഓർമ്മ മരം പദ്ധതി നടപ്പിലാക്കുന്നത്. വിവാഹത്തിന് പുറമെ ജന്മദിനം ഉൾപ്പടെയുള്ള വിശേഷ ദിവസങ്ങളിലാണ് ഫലവൃക്ഷത്തൈകൾ പാതയോരത്ത് നട്ടുകൊണ്ട് ഓർമ്മകൾ നാടിനും ഭൂമിക്കും നന്മയായി മാറുന്നത്.
മംഗരയിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ മംഗര സ്പാർക്ക് സ്പോർട്ട്സ് ആൻഡ് ആർട്‌സ് ക്ലബ്ബിന്റെയും ഡിവൈഎഫ്ഐ -യുടെയും ആഭിമുഖ്യത്തിലാണ് 'ഓർമ്മ മരം' പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം വിശാഖ് സജിന ദമ്പതികൾ നിർവ്വഹിച്ചു. പാതയോരത്ത് കുറ്റിയാട്ടൂർ മാവ് ഉൾപ്പടെയുള്ള ഫലവൃക്ഷങ്ങളാണ് നടുന്നത്, വൃക്ഷ തൈകളുടെ പരിപാലനം ക്ലബ്ബ് പ്രവർത്തകരാണ് നിർവ്വഹിക്കുന്നത്.