തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ സർവകാല റെക്കോർഡ്. സംസ്ഥാനത്ത് ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 43,000 രൂപ കടന്നു. 22 കാരറ്റ് സ്വർണത്തിന് വെള്ളിയാഴ്ച 43,040 രൂപയാണ് വില. വെള്ളിയാഴ്ച മാത്രമാണ് പവന് 200 രൂപ വർധിച്ചത്.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 42,840 രൂപയായിരുന്നു. ഫെബ്രുവരി രണ്ടിന് 42,880 രൂപയായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ്.
അമേരിക്കയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകളെ തുടർന്ന് രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ സംസ്ഥാനത്ത് നിക്ഷേപം വർധിച്ചതും വിലക്കയറ്റത്തിന് കാരണമായി.