"ഒരു ജീവൻ രക്ഷിക്കാൻ വ്യക്തിബന്ധം ആവശ്യമില്ല.." അപരിചിതയായ യുവതിക്ക് സ്വന്തം വൃക്ക പകുത്തു നല്കിയ മണികണ്ഠന്റെ വാക്കുകളിലുണ്ട് ഒരു യഥാർത്ഥ കമ്യൂണിസ്റ്റിന്റെ മനുഷ്യത്വം.. | #CPM branch secretary #donates_kidney_to_strange_woman.

വയനാട് : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദാത്ത മാതൃക കാട്ടി വയനാട് ചീയമ്പം പള്ളിപ്പടി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ.  കോഴിക്കോട് പയോളി സ്വദേശിയായ 37കാരിയും രണ്ടു മക്കളുടെ മാതാവുമായ യുവതിക്ക് മണികണ്ഠൻ എന്ന 34കാരൻ തന്റെ വൃക്ക ദാനം ചെയ്തു, അതും തികച്ചും അപരിചിതനായ ഒരാൾക്ക്.  "ആരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ നമുക്ക് വ്യക്തിബന്ധം വേണ്ട... മനസ്സുണ്ടെങ്കിൽ എന്തും ചെയ്യാം"- മണികണ്ഠന് ഇതേക്കുറിച്ച് പറയാനുള്ളത് ഇതാണ്.  ഫെബ്രുവരി നാലിനാണ് യുവതിക്ക് വൃക്ക ദാനം ചെയ്തത്.

 കടകളിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന തൊഴിലാളിയാണ് മണികണ്ഠൻ.  പുൽപള്ളി ചീയമ്പം മാധവമംഗലാട്ട് രാജേന്ദ്രൻ- മഹേശ്വരി ദമ്പതികളുടെ മകൻ.  ഡിവൈഎഫ്ഐ ഇരുളം മേഖലാ സെക്രട്ടറി കൂടിയാണ്.  ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.  
ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ച രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി മണികണ്ഠന്റെ മഹാമനസ്കതയിൽ ജീവിത സ്വപ്നം കാണുന്നു.  ശസ്ത്രക്രിയയ്ക്കുശേഷം ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പത്തു വർഷങ്ങൾക്ക് മുൻപ് ഡിവൈഎഫ്ഐ നടത്തിയ മെഡിക്കൽ ക്യാമ്പിൽ മണികണ്ഠൻ അവയവദാനത്തിന് സമ്മതപത്രം നൽകിയതാണ് ഇരുവർക്കും വൃക്ക ലഭിക്കാൻ കാരണമായത്.  സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ എട്ടുമാസം മുമ്പ് വൃക്ക നൽകാൻ സമ്മതമാണോയെന്ന് അന്വേഷണം നടത്തിയിരുന്നു.  യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ മണികണ്ഠൻ സമ്മതിച്ചു.  പരിശോധനയിൽ വൃക്ക സാധാരണ നിലയിലാണെന്ന് സ്ഥിരീകരിച്ചു.  പിന്നീട് അച്ഛനോടും അമ്മയോടും സംസാരിച്ചു.  ആദ്യം എതിർത്തെങ്കിലും കിഡ്‌നി ദാനം ചെയ്‌തവർ ഉൾപ്പെടെയുള്ള വീഡിയോകൾ കാണിച്ച് അവരെ ബോധ്യപ്പെടുത്തി.  ഇരുവരുടെയും നിലപാട് മാറിയതോടെ വൃക്ക ദാനം ചെയ്യാനുള്ള നിയമനടപടികൾ ആരംഭിച്ചു.

ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം മൂന്ന് മാസമായി ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.  രോഗങ്ങൾ വരാതിരിക്കാൻ  ശ്രദ്ധിച്ചു. കൂടാതെ ഡോക്റ്ററുടെ നിർദ്ദേശപ്രകാരം ക്രമീകരിച്ച ശീലങ്ങളും ഭക്ഷണക്രമവും. മാർച്ച് 30നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. യുവതിയുടെ ആരോഗ്യനില വഷളായതോടെ നേരത്തെയാക്കുകയായിരുന്നു.