ചെന്നൈ : ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) സ്ഥാപകനും നേതാവുമായിരുന്ന വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് ഓർഗനൈസേഷൻസ് പ്രസിഡന്റ് പി.നെടുമാരൻ പറഞ്ഞു.
ശ്രീലങ്കയിലെ രാജപക്‌സെ ഭരണം അവസാനിച്ചതിനെ തുടർന്നാണ് വെളിപ്പെടുത്തലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രഭാകരൻ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ അറിവോടെയാണ് വെളിപ്പെടുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തഞ്ചാവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെടുമാരൻ.
പ്രഭാകരനുമായി അദ്ദേഹത്തിന്റെ കുടുംബത്തിന് ബന്ധമുണ്ട്. എന്നാൽ പ്രഭാകരൻ ഇപ്പോൾ എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാൻ കഴിയില്ല.
പ്രഭാകരന്റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 'തമിഴ് ഈഴം' സംബന്ധിച്ച പദ്ധതി ഉചിതമായ സമയത്ത് പ്രഭാകരൻ വിശദീകരിക്കുമെന്നും നെടുമാരൻ അവകാശപ്പെട്ടു.
2009 മെയ് 18 നാണ് വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കൻ സൈന്യം അറിയിച്ചു. മെയ് 19 ന് ശ്രീലങ്കൻ സൈന്യം വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞതായി കാണിച്ച് അതിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.