#Vaccination_Dogs : തെരുവ് നായ്ക്കളെ തടയുന്നതിനുള്ള ദ്രുത കർമ്മ പദ്ധതി : വാക്‌‌സിൻ യജ്ഞം

പേ വിഷ ബാധ നിയന്ത്രിക്കാൻ എല്ലാ തെരുവ് നായ്ക്കൾക്കും കുത്തിവയ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു.  20 മുതൽ ഒരു മാസമാണ് വാക്സിനേഷൻ യജ്ഞം.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാടകയ്‌ക്കെടുക്കുന്ന വാഹനങ്ങളിൽ വാക്‌സിനുകൾ എത്തിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.  നായ്ക്കൾ കൂടുതൽ ഉള്ള മേഖലകൾക്ക് പ്രത്യേക പരിഗണന നൽകും.  തിങ്കളാഴ്ച നടന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശീലനം ലഭിച്ച നായ പിടുത്തക്കാർ നേതൃത്വം നൽകും . കോവിഡ് കാലഘട്ടത്തിലെ സന്നദ്ധപ്രവർത്തകർ ഭാഗമാകും. സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവ് നായ്ക്കളുണ്ട്. ഒരു ദിവസം കുറഞ്ഞത് 10,000 നായ്ക്കൾ ക്കെങ്കിലും വാക്സിനേഷൻ നൽകും. ഭക്ഷണത്തിലൂടെ വാക്സിൻ നൽകുന്ന രീതി പരീക്ഷിക്കുന്നതും നല്ലതാണ്. കുത്തിവയ്പ് എടുത്തവരെ തിരിച്ചറിയാൻ സ്പ്രേ പെയിന്റ്, മൈക്രോ ചിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തും. ആറ് ലക്ഷം ഡോസ് വാക്സിൻ മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുണ്ട്. കൂടുതൽ ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിൽ തെരുവുനായ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്നതിനെതിരെ ജനകീയ കാമ്പയിൻ നടത്തും. മാലിന്യ നിർമാർജനത്തിനായി ഹോട്ടൽ, കല്യാണമണ്ഡപം ഉടമകൾ, മാംസക്കച്ചവടക്കാർ തുടങ്ങിയവരുടെ യോഗം തദ്ദേശ സ്ഥാപന തലത്തിൽ വിളിക്കും. സംസ്ഥാനത്ത് 37 എബിസി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ സ്ഥാപിച്ചു. ആകെ 76 എണ്ണം ആവശ്യമാണ്. ബാക്കിയുള്ളവ ഉടൻ തയ്യാറാകും. പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കളക്ടർമാരുടെയും യോഗം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഓൺലൈൻ വഴി ചേരുമെന്ന് മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0