#Traditionalfishermen#Central government#Marine#State _government#Deep-seafishing#മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന സൗകര്യം; കേരള പദ്ധതി കേന്ദ്രം തള്ളി

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനം നടത്താൻ പ്രാപ്തരാക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ച പദ്ധതിയും കടൽ കുത്തകകൾക്ക് ഒത്താശ ചെയ്യുന്ന കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു.

ലോകത്തുള്ളതിൽ ഭൂരിഭാഗം മഞ്ഞ ചൂരയും , നെയ്മീനും കേരള തീരത്ത് നിന്ന് ഇരുന്നൂറ് നോട്ടിക്കൽ മൈൽ അകലെയുള്ള ആഴക്കടലിലാണ് കാണപ്പെടുന്നത്. ഫ്രാന് സ്, സ് പെയിന് , ഇറ്റലി, ചൈന, തായ് വാന് തുടങ്ങിയ രാജ്യങ്ങളുടെ വന് ബോട്ടുകളാണ് ഇവ മുതലെടുത്ത് കോടികള് കൊയ്യുന്നത്. ഇവിടെ മത്സ്യബന്ധനത്തിനായി 16 സഹകരണ സംഘങ്ങൾക്കായി 41 ആഴക്കടൽ ബോട്ടുകൾ നിർമിച്ച് നൽകാനുള്ള പദ്ധതി 2017ൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. കൊച്ചി കപ്പൽശാലയുമായി സഹകരിച്ചാണ് ബോട്ട് നിർമിക്കാൻ തീരുമാനിച്ചത്. ഒരു ബോട്ടിന് 1.5 കോടി രൂപ. എന്നാൽ 1.2 കോടിയേ നൽകാനാകൂ എന്നായിരുന്നു കേന്ദ്ര നിലപാട്. കേരള തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന വൈദഗ്ധ്യം കുറവായതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ബോട്ട് ആവശ്യമായിരുന്നു. ഇതുമൂലം നിർമാണച്ചെലവ് വർധിച്ചതായി അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേരളം മുന്നോട്ടുവെച്ച പദ്ധതി കേന്ദ്രം തള്ളി.

അതിനിടെ, 1.2 കോടി രൂപയുടെ 28 ബോട്ടുകൾ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് കൊച്ചി കപ്പൽശാല വഴി നൽകി. പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് ബോട്ട് നിഷേധിച്ച അതേ കേന്ദ്രസർക്കാർ ഇപ്പോൾ സംസ്ഥാനത്തിന് രണ്ട് വലിയ ബോട്ടുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ടെണ്ണം മാത്രം നൽകി സംസ്ഥാനത്തെ തൃപ്തരാക്കി വൻകിടക്കാർക്ക് ലൈസൻസ് ഫീസ് നൽകാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

  ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ മാനദണ്ഡമനുസരിച്ച് ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഓഖിക്ക് ശേഷം ബോട്ടുകളിൽ റേഡിയോ ടെലിഫോൺ നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ നിഷേധത്തെ തുടർന്ന് ബോട്ടുടമകൾക്ക് എഐഎസ് (ഓട്ടോമാറ്റിക് ഇൻഫർമേഷൻ സിസ്റ്റം) സ്ഥാപിക്കാൻ രണ്ടര ലക്ഷം രൂപ ചെലവാക്കേണ്ടി വന്നു. 60 ശതമാനം സബ്‌സിഡി നൽകുമെന്ന വാഗ്ദാനവും കേന്ദ്രസർക്കാർ പാലിച്ചില്ല.

പ്രക്ഷോഭം സംഘടിപ്പിക്കും

  പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കടലിൽ നിന്ന് തുരത്താനാണ് കേന്ദ്രം ശ്രമിക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. ഇതിനായി നിർമിച്ച മത്സ്യബന്ധന ബോട്ടുകൾക്ക് വലിയ മുതൽമുടക്ക് ആവശ്യമായതിനാൽ ആവശ്യമായ സബ്‌സിഡി നൽകി സംരക്ഷിക്കുക എന്നതാണ് ഈ നയത്തിന്റെ ഭാഗം. എന്നാൽ, കേന്ദ്രം സബ്‌സിഡി പിൻവലിച്ച് പണം ഈടാക്കി കടൽ ചൂഷണം ചെയ്യാൻ കുത്തകകളെ അനുവദിക്കുകയാണ്. ഇത് ചെറുക്കണം. ഇതിനെതിരെ തൊഴിലാളി സംഘടനകൾ പ്രക്ഷോഭം സംഘടിപ്പിക്കും.