Arjun എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Arjun എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അര്‍ജ്ജുന്‍ അവസാനമായി ജന്മനാട്ടില്‍, വിട നല്‍കാന്‍ കേരളം ; ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍.. #Arjun

 


കോഴിക്കോട് : അർജുന് വിട  നൽകാൻ വൻ ജനക്കൂട്ടമാണ് അർജുൻ്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ എട്ടരയോടെ കോഴിക്കോട് കണ്ടിക്കലിലുള്ള അർജുൻ്റെ വീട്ടിലെത്തിയ അർജുൻ്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്.


ശനിയാഴ്ച രാവിലെ ആറോടെയാണ് അർജുൻ്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ജില്ലാ അതിർത്തിയായ അഴിയൂരിലെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ജില്ലാ കലക്ടർ സ്നേഹിൽകുമാർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങി.


വീട്ടുവളപ്പിൽ പൊതുദർശനത്തിനു ശേഷം വസതിയിൽ സംസ്‌കാരം നടത്തും. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ചെലവ് കേരള സർക്കാർ വഹിക്കും. കർണാടക സർക്കാരിൻ്റെ ദുരിതാശ്വാസ നിധിയായി അഞ്ച് ലക്ഷം രൂപ ബന്ധുക്കൾക്ക് കൈമാറും. കാർവാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം കേരള അതിർത്തിയായ മഞ്ചേശ്വരം തലപ്പാടിയിലേക്ക് കൊണ്ടുവന്ന ആംബുലൻസിനെ കർണാടക പോലീസും അനുഗമിച്ചു.

ജൂലൈ 16ന് അങ്കോളയ്ക്ക് സമീപം ശിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ മൃതദേഹം 72 ദിവസങ്ങൾക്ക് ശേഷം ബുധനാഴ്ചയാണ് ഗംഗാവാലിപ്പുഴയിൽ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയ്ക്കും മറ്റു നടപടിക്രമങ്ങൾക്കുമായി കാർവാറിനെ രണ്ടുദിവസം ആശുപത്രിയിൽ കിടത്തി. ഹുബ്ബള്ളി റീജണൽ സയൻസ് ലബോറട്ടറിയിലാണ് ഡിഎൻഎ പരിശോധന നടത്തിയത്.

അർജുന്‍റെ മൃതദേഹ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും... #Arjun_Rescue

ഷിരൂരിൽ തിരച്ചിലിനൊടുവിൽ കണ്ടെത്തിയ അർജുന്റെ മൃതദേഹത്തിന്റെ DNA പരിശോധനാ ഫലം ഇന്ന് വന്നേക്കില്ല. അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും.ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാമ്പിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം

ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കൊണ്ടുപോകുക.

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ നിയമനം... #Kerala_News

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. മന്ത്രി വി എൻ വാസവനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്

അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി.

സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകി പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി അറിയിച്ചു.

അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; കയർ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ച് പരിശോധന... #Arjun_Missing

 


 കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ട്രക്കിൽ മരത്തടികൾ ബന്ധിപ്പിക്കാൻ ഉപയോഗിച്ച കയറുകൾ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും നാളത്തെ തിരച്ചിൽ. കയറും ലോഹ ഭാഗങ്ങളും കണ്ടെത്തിയ 20 മീറ്റർ ചുറ്റളവുള്ള സ്‌പോട്ട് നാവികസേന മാർക്ക് ചെയ്തിട്ടുണ്ട്. ഗോവയിൽ നിന്ന് തിങ്കളാഴ്ച്ചയോടെ ഡ്രഡ്ജർ എത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പുഴയിൽ മാർക്ക് ചെയ്ത ഭാഗത്തെ മണ്ണും കല്ലുകളും നീക്കം ചെയ്‌തില്ലെങ്കിൽ തിരച്ചിൽ ദുഷ്കരമാകുമെന്ന് ദൗത്യ സംഘം അറിയിച്ചിരുന്നു.

നേവി ഇന്നലെ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയില്‍ തടി കെട്ടിയിരുന്ന കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി പങ്കുവച്ചു.

അതേസമയം പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയില്‍ മുങ്ങിയുള്ള തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈല്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തിരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാകുന്നുവെന്നും ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു.

അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയുടെ അടിത്തട്ടില്‍ പരിശോധന നടത്താനാകില്ലെന്നും ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തിരച്ചില്‍ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു.

ഷിരൂർ മണ്ണിടിച്ചിൽ: ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി; സോണാർ ചിത്രം പുറത്ത് വിട്ട് നേവി... #Arjun_Missing

 


കർണാടക ഷിരൂരരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ലൊക്കേഷൻ പുറത്ത്. സോണാർ ചിത്രം പുറത്തുവിട്ട് നേവി. കോൺടാക്ട് വൺ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനം. ഇന്നലെയാണ് സൂചന ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചു കൂടുതൽ പരിശോധന നടത്തി.

ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നദിയോട് ചേർന്നാണ് സി​ഗ്നൽ ലഭിച്ചത്. അത് കേന്ദ്രീകരിച്ച് തെരച്ചിൽ പുരോ​ഗിക്കുകയാണ്. രണ്ട് സി​ഗ്നലുകൾ ​ഗം​ഗാവാലി പുഴയുടെ സമീപത്ത് നിന്ന് ലഭിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. സൈഡ് സ്കാൻ സോണാർ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സി​ഗ്നലുകൾ കണ്ടെത്തിയത്. ഒരു സ്ഥാലം മാത്രം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയാണ്. ​ഗം​ഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കിയാണ് പരിശോധന നടക്കുന്നത്. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചെന്നാണ് വിവരം.

തെരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോ​ഗമിക്കുകയാണ്. ഇന്ന് രാത്രിയുിലും തെരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തന്നെ ഒരു ശുഭ വാർത്ത തരാൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. ബൂം എസ്കവേറ്റർ ഉപയോ​ഗിച്ചാണ് തെരച്ചിൽ പുരോ​​ഗമിക്കുന്നത്.

'ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ട്': രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ... #Arjun

 


ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ. എനിക്ക് ഡ്രില്ലിങ് മെഷീൻ ആവശ്യമുണ്ടായിരുന്നു എനിക്ക് വേണ്ടതൊന്നും വിട്ട് തന്നിട്ടില്ല. എനിക്ക് വേണ്ടത് വേണ്ടത് ബോർവെല്ലിന്റെ മെഷീൻ ആണ്. ഒന്നാം ദിവസം മുതൽ ഏഴാം ദിവസം വരെ നേവി ഒന്നും തന്നെ ചെയ്‌തിട്ടില്ല.

ബോർവെല്ലിന്റെ മെഷീൻ ഉണ്ടെങ്കിൽ തെരച്ചിലിന് സഹായമാകും. അത് ഉണ്ടെങ്കിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെങ്കിൽ അതിൽ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കിൽ പ്രതീക്ഷയുണ്ട്. പക്ഷെ അതിനുള്ള സഹായവും ഇവിടെ ലഭിക്കുന്നില്ല.

ഇത്രയും ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ റഡാറിൽ കിട്ടാവുന്നതേയുള്ളു. ഇതൊക്കെ അതിനുള്ള തെളിവാണെന്നും രഞ്ജിത് പറഞ്ഞു. കരയിൽ 80 ശതമാനം മാത്രമാണ് മണ്ണ് നീക്കിയിട്ടുള്ളത് അത് ആർക്ക് പരിശോധിച്ചാലും മനസിലാകുമെന്നും രഞ്ജിത് പറഞ്ഞു.

അതേസമയം ഷിരൂരിലെ മണ്ണിടിച്ചാൽ നടന്നയിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർജുനായി തെരച്ചിൽ എട്ടാം ദിവസവും പുരോഗമിക്കവെയാണ് സ്ത്രീയുടെ മൃതദേഹം കിട്ടിയത്.

ഇന്നലെ കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനൊടുവിൽ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങിയിരുന്നു. ഇന്ന് നദിയിലെയും നദിക്കരയിലെയും മണ്ണ് മാറ്റി തെരച്ചിൽ തുടരുകയാണ്.

ഷിരൂര്‍ ദൗത്യം: മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടത്തും ലോറിയില്ല... #Arjun

ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം ഏഴാം ദിവസം വൈകീട്ടായിട്ടും കണ്ടെത്താനാകാതെ ദൗത്യ സംഘം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന് കരുതിയിരുന്ന രണ്ട് സ്ഥലങ്ങളിലേയും പരിശോധന പൂര്‍ത്തിയായി. ഇപ്പോള്‍ പുഴയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഊര്‍ജിതമായി പരിശോധന നടക്കുന്നത്. 

പ്രദേശത്ത് ലോഹനിക്ഷേപങ്ങളുണ്ടെന്ന് സൂചനയുണ്ട്. ലോഹസാന്നിധ്യമുണ്ടെന്ന തരത്തില്‍ സിഗ്നല്‍ ലഭിച്ചത് ഈ നിക്ഷേപങ്ങളുടെ സാന്നിധ്യം കൊണ്ടാകാമെന്നാണ് കരുതുന്നത്. സിഗ്നല്‍ ലഭിച്ചിടത്ത് വാഹനം കാണാത്ത സാഹചര്യത്തില്‍ പുഴയുടെ പരിസരത്ത് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് സാധ്യത.

മെറ്റര്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് ലോറിയുണ്ടെന്ന സംശയത്തില്‍ മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇതുവരെ നടന്നുവന്നത്. എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നായിരുന്നു സിഗ്നല്‍. രണ്ടിടത്ത് സിഗ്നല്‍ ലഭിച്ചിരുന്നു. 8 മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്. ഇന്നലെ റഡാര്‍ സിഗ്നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.

അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ എത്തിക്കും... #Arjun

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും.

മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക്‌ റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം ലോറി പുഴയിലേക്ക്‌ പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ തുടരും. ഷിരൂരിലെ രക്ഷാദൗത്യത്തിന് ഇന്നലെയാണ് സൈന്യമെത്തിയത്. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്.

ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാക്കുകയാണ്. പുഴയിലെ പരിശോധന അതിസങ്കീർണ്ണമെന്നും റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ പറഞ്ഞു. ണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്. പുഴയ്ക്ക് അടിയിൽ വലിയ തോതിൽ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ലായിരുന്നു.

അർജുനായി തെരച്ചിൽ; റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് ലോറിയില്ല; ലോറി കരയിലുണ്ടാകാൻ സാധ്യത... #Arjun

കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ പരിശോധനയിൽ ലോറി കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി പാർക്ക് ചെയ്യുന്നതിന് അടുത്തുവരെയുള്ള മണ്ണ് നീക്കിയെന്ന് ബന്ധു പറഞ്ഞു. ലോറി കരയിൽ തന്നെ ഉണ്ടെന്നാണ് പ്രതീക്ഷയെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു.യ

ലോറി പുഴയിൽ പോയിരുന്നേൽ ഫോൺ റിങ് ചെയ്യില്ല. കൂടുതൽ ശക്തിയേറിയ റഡാർ പരിശോധനയ്ക്ക് എത്തിച്ചാൽ സഹായകമാകുമെന്ന് രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. ജെസിബിക്ക് നീക്കാൻ പറ്റാത്ത ഭരമുള്ള കല്ലുകൾ അപകടമേഖലയിലുണ്ടെന്നും മണ്ണ് നീക്കം ഏറെ ശ്രമകരമെന്നും രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു.

അതേസമയം ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിട്ടുണ്ട്. ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. മൂന്ന് വലിയ വാഹനങ്ങളിലായിട്ടാണ് സൈന്യം ഷിരൂരിലെത്തിയിരിക്കുന്നത്. സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0