തളിപ്പറമ്പിൽ ഇൻസ്റ്റാഗ്രാമിലൂടെ പ്രണയം നടിച്ച് പീഡനം, പോക്സോ കേസിൽ പ്രതിക്ക് 26 വർഷം കഠിനതടവും പിഴയും; ഇയാൾ വ്യത്യസ്ത സ്ഥലങ്ങളിൽ പോക്സോ കേസുകളിൽ പ്രതിയാണ്. #PocsoCase

Post Image
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 26 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് കൂവേരി തീരുംകുളം സ്വദേശി കൂലോത്ത് വളപ്പിൽ അനുരാജിനെയാണ് (23) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് എം. ടി. ജലജറാണി ശിക്ഷിച്ചത്. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

ചപ്പാരപ്പടവ് പഞ്ചായത്തിൽ താമസിക്കുന്ന 16 വയസ്സുകാരിയെ കഴിഞ്ഞ സെപ്റ്റംബർ മാസമാണ് പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ പരാതിക്കാരിക്കു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഷെറിമോൾ ജോസ് ഹാജരായി.

ഈ കേസിൽ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എ.എസ്.ഐ ലതയാണ് മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് എസ്.ഐ ടി.വി. ദിനേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയും തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി പട്ടേരി അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.

അനുരാജിനെതിരെ സമാനമായ മറ്റൊരു കേസ് കൂടി തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. 2022-ൽ ചപ്പാരപ്പടവ് സ്വദേശിയായ മറ്റൊരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. നിലവിൽ തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് പെൺകുട്ടികളെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ച കേസിൽ ആറ്റിങ്ങൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് അനുരാജ്.


Hashtags: #Taliparamba #PocsoCase #CourtVerdict #CrimeNews #KeralaPolice #JusticeForVictim #Koovery #Anuraj
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0