റിലയൻസിൻ്റെ കനത്ത വെല്ലുവിളി മറികടക്കാൻ പെപ്‌സിയും കൊക്ക കോളയും തങ്ങളുടെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ പുറത്തിറക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് റിലയൻസിൻ്റെ ക്യാമ്പ ബ്രാൻഡ് ഉൽപ്പന്നങ്ങൾ രാജ്യത്തെ പ്രാദേശിക വിപണിയിൽ ആധിപത്യം സ്ഥാപിച്ച സാഹചര്യത്തിലാണ് ഇത്.
പത്ത് രൂപയ്ക്ക് ഗ്ലാസ് ബോട്ടിലുകളിൽ പാനീയങ്ങൾ പുറത്തിറക്കാൻ കൊക്കകോള ആലോചിക്കുന്നതായി റിപ്പോർട്ട്. ഈ ഉൽപ്പന്നങ്ങൾ പ്രധാനമായും ടയർ ടൂർ നഗരങ്ങളിൽ ലഭ്യമാക്കുക. ഇതിന് പുറമെ പ്രാദേശിക ബ്രാൻഡ് ഉൽപന്നങ്ങളും വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. വിഷയത്തിൽ നേരിട്ട് അറിവുള്ളവരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊക്കകോളയോ പെപ്‌സിയോ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
200 മില്ലി ക്യാമ്പ ബ്രാൻഡ് ഉൽപ്പന്നങ്ങൾ 10 രൂപയ്ക്കാണ് റിലയൻസ് വിൽക്കുന്നത്. അതേസമയം കൊക്കകോള, പെപ്‌സികോ ഉൽപ്പന്നങ്ങൾക്ക് 250 മില്ലി ലിറ്ററിന് 20 രൂപയാണ് വില. ഈ കമ്പനികളുടെ ഏറ്റവും ചെറിയ ഉൽപ്പന്നമാണിത്. 500 മില്ലി കാമ്പ ഉൽപ്പന്നത്തിന് 20 രൂപ വിലയുള്ളപ്പോൾ, അതേ അളവിൽ കൊക്കകോളയ്ക്ക് 30 രൂപയും പെപ്‌സിക്ക് 40 രൂപയുമാണ്.