November 14 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
November 14 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 14 നവംബർ 2025 | #NewsHeadlines

• തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ ഇന്ന് മുതൽ അവസരം. അവസാന തീയതി ഈ മാസം 21 വരെയാണ്.

• വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

• രാജ്യത്തെ നടുക്കിയ ദില്ലി ചെങ്കോട്ട സ്‌ഫോടനത്തിൽ, പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഇതോടെ മരണസംഖ്യ പതിമൂന്നായി ഉയർന്നു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സായിലായിരുന്ന ബിലാൽ എന്ന വ്യക്തിയാണ് മരിച്ചത്.

• അരൂരിൽ നിർമാണത്തിലിരുന്ന അരൂർ – തുറവൂർ ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണ് പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്.

• പൂനെയിൽ രണ്ട് ട്രക്കുകൾക്കിടയിൽ കാർ കുടുങ്ങി എട്ട് മരണം. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. പൂനെയിലെ നവലെ പാലം പ്രദേശത്തായിരുന്നു അപകടം. തുടർന്ന് ട്രക്കിന് തീപിടിച്ചു.

• ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ ക്രിസ്‌മസ്‌ പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന. ഡിസംബർ 15ന്‌ പരീക്ഷ ആരംഭിച്ച്‌ 23ന്‌ അവധിക്കായി അടക്കാനാണ്‌ ധാരണ. ജനുവരി അഞ്ചിന്‌ തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്‌കൂൾ തുറന്നതിന്‌ ശേഷം ജനുവരി ഏഴിന്‌ നടത്തും.

• 13 പേർ കൊല്ലപ്പെട്ട ഡൽഹി ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസ് അന്വേഷണം വിദേശരാജ്യങ്ങളിലേക്ക് നീളുന്നു. ദുബായിൽ താമസിക്കുന്ന ചിലരുമായി പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ചില പ്രതികൾ തുർക്കിയെയിലും പാകിസ്ഥാനിലും താമസിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു.

• ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാല്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെതിരായ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ബില്‍ പരിശോധിക്കാൻ കേന്ദ്രസർക്കാർ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) രൂപീകരിച്ചു. ബിജെപി എംപി അപരാജിത സാരംഗിയുടെ നേതൃത്വത്തിൽ 31 അംഗങ്ങളാണ് സമിതിയിലുള്ളതെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 14 നവംബർ 2024 | #NewsHeadlinesToday

• ഇന്ന് ശിശുദിനം. കുട്ടികളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനം. കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്.

• ഡൽഹിയിലെ പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ കടന്നതോടെ ആശങ്കയിൽ ജനങ്ങൾ. വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429 ആയി ഉയർന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തു.

• ഉപതെരഞ്ഞെടുപ്പിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ 64.71 ശതമാനവും ചേലക്കര നിയമസഭാ മണ്ഡലത്തിൽ 72.77 ശതമാനവും പോളിങ്‌. രണ്ടിടങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ പോളിങ്‌ കുറവാണ്‌.
 
• മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്.

• സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

• ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്നവരുടെ മോഷണം വ്യാപിച്ചതും ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെ ജനങ്ങള്‍ ഭീതിയിൽ.

• ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള സംഘടിപ്പിക്കുന്നത്.

• ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ്. താൻ അറിയാത്ത കാര്യങ്ങളാണ് പുറത്ത് വന്നത്. ഡി സി ബുക്സ് പുറത്തുവിട്ട പോസ്റ്റുകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.

• വൈറ്റ് ഹൗസിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ച് ജോ ബൈഡൻ. അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും രാജ്യത്തിന് ഉറപ്പ് നൽകിയതായി അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

• ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാംമത്സരത്തില്‍ ഇന്ത്യക്ക് വിജയം. 220 റണ്‍സ് വിജയലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0