Mukesh എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Mukesh എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബലാത്സം​ഗ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികൾ തുടരും, വൈദ്യപരിശോധനയടക്കം നടത്തും... #Crime_News

 


ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടികൾ തുടരാൻ അന്വേഷണസംഘം. ബലാത്സം​ഗ കേസിലാണ് നടപടി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും. വൈദ്യപരിശോധനയ്ക്കും ലൈംഗിക ശേഷി പരിശോധനയ്ക്കും വിധേയരാക്കും.

വ്യാഴാഴ്ചയാണ് ഉപാതികളോടെ കോടതി മുകേഷിനും ഇടവേള ബാബുവിനും ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവർക്കും ജാമ്യം ലഭിക്കും. പിന്നീട് ഉദ്യോ​ഗസ്ഥരുടെ നിർദേശ പ്രകാരം ചോദ്യംചെയ്യലുൾപ്പെടെയുള്ള നടപടികൾക്ക് സഹകരിച്ചാൽ മതിയാകും. ബലാത്സം​ഗ കുറ്റം ചുമത്തുമ്പോൾ സാധാരണ സ്വീകരിച്ചുവരുന്ന എല്ലാ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.

ലൈംഗികാതിക്രമം: മുകേഷിനെതിരെ പൊലീസ് കേസെടുത്തു... #Actor_Mukesh

 


നടനും എംഎല്‍എയുമായ എം മുകേഷിനെതിരെ മരട് പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ നടി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് നടി സമര്‍പ്പിച്ച പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ ഉലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി.

കൊച്ചിയിലെ നടിയുടെ പരാതിയില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് തീരുമാനം. ആറ് കേസുകള്‍ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാകും രജിസ്റ്റര്‍ ചെയ്യുക. നാല് സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ക്കെതിരെയാണ് നടിയുടെ പരാതി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനെതിരെയും നടി പരാതി ഉന്നയിച്ചിട്ടുണ്ട്. ചന്ദ്രശേഖരനും ജയസൂര്യയ്ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്

‘ഗാർഹിക പീഡനം മുതല്‍ ബലാത്സംഗ കുറ്റം വരെ മുകേഷിന്‍റെ പേരിലുണ്ട്, എം എല്‍ എയുടെ രാജി ആവശ്യപ്പെട്ട് 100 സ്ത്രീപക്ഷ പ്രവർത്തകർ... #Crime_News

 


നടൻ മുകേഷ് എംഎല്‍എ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍. സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്.

സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ,കെ ആർ മീര,മേഴ്സി അലക്സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്‌റ,ഡോ. സോണിയ ജോർജ്ജ്,വിജി പെൺകൂട്ട്,ഡോ. സി. എസ്‌. ചന്ദ്രിക,ഡോ. കെ. ജി. താര,ബിനിത തമ്പി,ഡോ. എ കെ ജയശ്രി,കെ. എ. ബീന തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം

കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത പ്രസ്താവന

സിനിമാനടനും, കൊല്ലം എം എൽ എയുമായ മുകേഷ് വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും നിരവധി ആരോപണങ്ങൾ നേരിടുന്നയാളാണ്. ഇപ്പോൾ തന്നെ മൂന്ന് സ്ത്രീകൾ മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട് . ഗാർഹിക പീഡനം , ബലാത്സംഗം,തൊഴിൽ മേഖലയിലെ ലൈംഗിക പീഡനം തുടങ്ങി നിരവധി ആരോപണങ്ങൾ മുകേഷിൻ്റെ പേരിലുണ്ട്. നിയമനിർമ്മാണ സഭയിലെ അംഗം എന്ന നിലയിൽ ഉത്തരവാദിത്വമുള്ള ഒരു പദവിയാണ് എംഎല്‍എ സ്ഥാനം. സിനിമാ മേഖലയിൽ നിന്ന് തന്നെ ആരോപണങ്ങൾ നേരിടുന്നയാളെ സർക്കാർ വീണ്ടും സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കലാണ്.
ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തിൽ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാൻ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാൻ സർക്കാർ തയ്യാറാകണം. സിനിമ നയരൂപീകരണ കമ്മറ്റിയിൽ നിന്നും സിനിമ കോൺക്ലേവിൻ്റെ ചുമതലകളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണം.അല്ലാത്തപക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്ന്‌ ഓർമ്മപ്പെടുത്തുന്നു.

'മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു'; പ്രമുഖ നടന്മാർക്കെതിരെ നടി മിനു മുനീർ... #Crime_News

 


മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മിനു മുനീർ. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി മിനു മുനീര്‍ 24 നോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു.

കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്.താൻ എതിർത്തതിൻ്റെ പേരിൽ അമ്മയിലെ തൻ്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി.മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു.

2008 ൽ ദേ ഇങ്ങോട്ട് നോക്കിയെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെക്രട്ടേറിയേറ്റിലാണ്. ടോയ്ലറ്റില്‍ പോയി വരുമ്പോള്‍ ഒരാള്‍ പിന്നില്‍ നിന്ന് വന്ന് കെട്ടിപിടിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ ജയസൂര്യ. തിരുവനന്തപുരത്ത് ഫ്ലാറ്റുണ്ട്. മിനുവിന് താല്‍പര്യമുണ്ടെങ്കില്‍ പറയണമെന്ന് ജയസൂര്യ പറഞ്ഞു. പറ്റില്ലെന്ന പറഞ്ഞശേഷം പിന്നീട് മറ്റൊന്നും ഉണ്ടായില്ലെന്നും നടി പറഞ്ഞു.

തന്നെ ഉപദ്രവിച്ചവർക്കെതിരെ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിൽ പരാതി നൽകുമെന്നും മിനു മുനീര്‍ പറഞ്ഞു. ഇവർ നാല് പേർക്കെതിരെയും പൊലീസിൽ പരാതി നൽകുമെന്നും മിനു മുനീർ കൂട്ടിച്ചേർത്തു.

ഒന്നിൽ കൂടുതൽ തവണ മുറിയിലേക്ക് വിളിപ്പിച്ചു; മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടരുടെ ട്വീറ്റ് വീണ്ടും ചർച്ചയാകുന്നു... #Mukesh

നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് . തന്റെ ഇരുപതാം വയസിൽ നേരിട്ട അനുഭവമാണ് ടെസ് ജോസഫ് വെളിപ്പെടുത്തിയിരിക്കുന്നത്. 2018 ൽ ഉന്നയിച്ച ആരോപണം പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ചർച്ചയാകുകയാണ്. കോടീശ്വരൻ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് മുറിയിലേക്ക് നിരവധി തവണ തന്നെ വിളിപ്പിച്ചുവെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ അടുത്ത ഷെഡ്യൂളിൽ തൻ്റെ മുറി മുകേഷിൻ്റെ മുറിക്ക് സമീപത്താക്കിയെന്നും പരിപാടിയുടെ അന്നത്തെ ചുമതലക്കാരൻ ഡെറിക് ഒബ്രിയാൻ എംപി ഇടപ്പെട്ടാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ടെസ് ജോസഫ് ട്വീറ്റിലൂടെ വെളിപ്പെടുത്തി.

അതേസമയം, ഇന്ന് രാവിലെ AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ സംവിധായൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് ബംഗാളി നടി വെളിപ്പെടുത്തിയിരുന്നത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമർശം. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0