തൃശൂർ: അരിമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ പളനി അമ്മാളിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തൃശൂർ പേരാമംഗലത്ത് നിന്നുള്ള ഒരു കുടുംബം ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അരിമ്പൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിയിരുന്നു. ഉത്സവത്തിന്റെ പ്രധാന ദിവസമായതിനാൽ ക്ഷേത്രപരിസരത്ത് വലിയ തിരക്കായിരുന്നു. അതേസമയം, വൈകുന്നേരം 7 മണിയോടെ കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്തു.
ശബ്ദംകേട്ട് ആളുകൾ ഓടിക്കൂടിയപ്പോഴേയ്ക്കും മാല പൊട്ടിച്ചെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരും പൊലീസും പിൻതുടർന്നതോടെ അവർ മാല അടുത്തുള്ള കടയിലേയ്ക്ക് വലിച്ചെറിഞ്ഞു. തുടർന്ന് തമിഴ്നാട് സ്വദേശിനി പളനി അമ്മാളിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിന്നീട് പ്രതിയെ അന്തിക്കാട് പൊലീസിന് കൈമാറി.
മാല പൊട്ടിക്കുന്നതിനിടെ കുഞ്ഞിന്റെ കഴുത്തിന് പരിക്കേറ്റു. ക്ഷേത്രോത്സവങ്ങളുടെ മറവിൽ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് അറസ്റ്റിലായ സ്ത്രീയെന്ന് പോലീസ് പറയുന്നു. ഇവരുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിക്കാട് പോലീസ് കേസെടുത്തു.
Woman arrested for breaking a toddler's necklace after injuring her neck during the festival.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.