സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍ ജയസുര്യയുടെ അക്കൗണ്ടിലെത്തിയത് ഒരു കോടി #Kochi


കൊച്ചി:'സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ്' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയ്ക്കെതിരെ കൂടുതൽ കണ്ടെത്തലുകൾ. നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി യുടെ കണ്ടെത്തൽ. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്.

തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാൻ്റെ കമ്പനികളിൽ നിന്നാണ് പണം എത്തിയത്. ബ്രാൻഡ് അംബാസിഡർക്കുള്ള പ്രതിഫലമാണ് ഇതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. അതേസമയം, ജയസൂര്യയുടെ ബാങ്കുകളിൽ കൂടുതൽ പരിശോധന നടത്താനാണ് ഇഡി നീക്കം.

നടനെ വീണ്ടും ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ തീരുമാനം. നടനോട് അടുത്തയാഴ്ച വീണ്ടും ഹാജരാകാനാണ് നിർദ്ദേശം. സാത്വിക് റഹ്മാൻ്റെ പരിചയത്തിൽ കൂടുതൽ സിനിമാക്കാരുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. സാത്വികിൻ്റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും.

കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്‌സിൻ്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹിം 2019ൽ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയിൽ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓൺലൈൻ ലേല ആപ്പാണിത്. 2023ലാണ് ആപ്പിൻ്റെ മറവിൽ വന്‍ സാമ്പത്തിക തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. കോടികൾ തട്ടിയെടുത്ത കേസിൽ സ്വാതിക് പൊലീസിൻ്റെ പിടിയിലായി.

പിന്നാലെയാണ് ഇഡിയും കേസെടുത്തത്. സിനിമാതാരങ്ങളുമായി അടുത്ത പരിചയമുള്ള സ്വാതിക് ജയസൂര്യയെയാണ് സേവ് ബോക്‌സിൻ്റെ ബ്രാൻഡ് അംബാസിഡറായി ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയും ജയസൂര്യക്ക് വാഗ്ദാനം ചെയ്തു. മറ്റ് പല സിനിമാ താരങ്ങളും ആപ്പിൻ്റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളിലടക്കം പ്രവർത്തിച്ചു.

ഡിസംബർ 24 മുതൽ ജയസൂര്യ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്തത്. ജയസൂര്യയുടെ സാമ്പത്തിക കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തത് സരിതയായിരുന്നു. ഈ സാഹചര്യത്തിലാണ് സരിതയിൽ നിന്നും വിവരം തേടിയത്. സ്വാതിക്കിനെ ഇഡി നേരത്തെ ചോദ്യം ചെയ്തതാണ് വിവരം.     

Save Box app fraud One crore rupees were deposited into the actor's account from the main accused's companies more findings against Jayasurya

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0