തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റിൽ അഭിമാനകരമായ സർക്കാർ ഉയർത്തിക്കാട്ടുന്ന ഒന്ന് വയോജന ബജറ്റ് (എൽഡേർളി ബജറ്റ്) ആണ്. വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ബജറ്റാണിതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു.
2026ലെ കണക്ക് പ്രകാരം കേരളത്തിലെ മുതിർന്ന പൗരന്മാരുടെ എണ്ണം ജനസംഖ്യയുടെ 18.7 ശതമാനമാണെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും വയോജനങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ സംരക്ഷണവും ഗൗരവത്തോടെ സർക്കാർ എൽഡേർളി ബജറ്റ് (വയോജന ബജറ്റ്) എന്ന പുതിയ ഒരു പ്രമാണം കൂടി ബജറ്റ് പ്രമാണങ്ങൾക്കൊപ്പം സർക്കാർ അവതരിപ്പിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു രേഖ അവതരിപ്പിക്കുന്നത്. ഇതോടെ വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയെന്ന് ബജറ്റ് അവതരണത്തിനിടെ കെഎൻ ബാലഗോപാൽ വ്യക്തമാക്കി. അതേസമയം വയോജന ബജറ്റിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നടപ്പാക്കാനുദ്ദേശിക്കുന്ന കൂടുതൽ പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
റിട്ടയർമെൻ്റ് ഹോമുകൾ
സംസ്ഥാനത്തെ ജനസംഖ്യയിൽ വയോജനങ്ങളുടെ അനുപാതം 20 ശതമാനം ഉണ്ട്. വീട്ടിൽ ഒറ്റപ്പെട്ട് പോകുന്ന വയോജനങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന തരത്തിലുള്ള റിട്ടയർമെൻ്റ് ഹോമുകൾ സജ്ജമാക്കേണ്ടതുണ്ടെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞു.
കമ്യൂണിറ്റി കിച്ചൺ, കളിസ്ഥലങ്ങൾ, ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയവ ഉണ്ടാകണം. ഇത്തരം റിട്ടയർമെൻ്റ് ഹോമുകൾ സജ്ജീകരിക്കാൻ സ്ഥാപനങ്ങൾക്കും സ്വകാര്യവ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സർക്കാർ സബ്സിഡി നൽകും. ഇതിനായി 30 കോടി രൂപ പ്രാഥമികമായി നീക്കിവച്ചു.
വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങൾക്ക് സന്നദ്ധ വളണ്ടിയർമാരുടെ സേവനം ലഭിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും. മുതിർന്നവർക്ക് ചികിത്സ ലഭിക്കാനുള്ള എല്ലാ ആവശ്യങ്ങളും വിളിക്കാൻ ഫോൺ നമ്പറുകൾ പരസ്യപ്പെടുത്തും. ഫോൺകോൾ വളണ്ടിയർമാരുടെ സേവനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കും നടത്തുക. ഈ പദ്ധതിക്ക് പ്രാഥമികമായി നടപ്പിലാക്കുന്നതിന് 10 കോടി രൂപ വകയിരുത്തുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷ സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് ആദ്യമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ തൻ്റെ ആറാമത്തെ ബജറ്റിൽ അവതരിപ്പിച്ചത്. നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികളുടെ ഭാഗമാകാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള ട്രാൻസ് വുമൺ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി 31 ലക്ഷം പേര് ഗുണഭോക്താക്കളാകും. 3270 കോടി രൂപ ഇതിനായി വകയിരുത്തുന്നുവെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
Kerala budget 2026 government presented elderly budget

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.