തിരുവനന്തപുരം: വടക്കാഞ്ചേരി വോട്ടുകോഴ ആരോപണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിജിലൻസ് പരിശോധന നടക്കട്ടെയെന്നും ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ല, ജനവിധി അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
അയാറാം ഗയാ റാം നിലപാട് പ്രോത്സാഹിപ്പിക്കില്ല. ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല. വിഷയവുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ പാർട്ടി പരിശോധിക്കും. കുതിരക്കച്ചവടത്തിനില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വിജിലൻസ്. അനിൽ അക്കരയുടെ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൂറുമാറിയ ജാഫർ ഒളിവിലാണ്. എവിടേക്കാണ് പോയതെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. രാജിവച്ചശേഷം പോയതാണെന്നാണ് ജാഫറിൻ്റെ ഉമ്മ പറയുന്നത്. കൂറുമാറി വോട്ടു ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. 50 ലക്ഷമോ പ്രസിഡൻറ് സ്ഥാനമോ തിരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടുണ്ട്. കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെച്ചു. അട്ടിമറിയിലൂടെ പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങൾ സിപിഎം നേടി. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്നാണ് ജാഫർ വിജയിച്ചത്.
വെള്ളാപ്പളളിയുമായി ബന്ധപ്പെട്ട വിവാദത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും വെള്ളാപ്പള്ളി വർഗീയ വാദിയല്ല. മതനിരപേക്ഷ നിലപാടിനെ പാർട്ടി അംഗീകരിക്കുന്നു. വെള്ളാപ്പള്ളിയുടെ അംഗീകരിക്കാൻ പറ്റാത്ത നിലപാടുകളെ അംഗീകരിക്കില്ല എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
MVGovindan responds to the allegations of vote rigging in Vadakkancherry.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.