ഓപ്പറേഷൻ സാഗർ ബന്ധു; ശ്രീലങ്കയിൽ ചുഴലിക്കാറ്റിൽ തകർന്ന പാലങ്ങൾ ഇന്ത്യൻ സൈന്യം പുനർനിർമ്മിച്ചു. #Operation_Sagar_Bandhu
ദിത്വ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ ഇന്ത്യൻ സൈന്യം സഹായഹസ്തം നീട്ടുന്നു. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം എഞ്ചിനീയറിംഗ് മികവിലൂടെയും മികച്ച ആരോഗ്യ സേവനങ്ങളിലൂടെയും അയൽക്കാരെ സഹായിക്കുന്നു. പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രീലങ്കൻ സൈന്യവുമായും സിവിൽ അഡ്മിനിസ്ട്രേഷനുമായും സഹകരിച്ച് സൈന്യം പ്രവർത്തിക്കുന്നു.
ജാഫ്നയിലെ പുളിയംപൊക്കനായി പാലത്തിന്റെ പുനർനിർമ്മാണം ഇന്ത്യൻ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്‌സ് ആരംഭിച്ചു. ശ്രീലങ്കൻ റോഡ് വികസന വകുപ്പുമായി ചേർന്ന് ഇന്ത്യൻ സൈന്യത്തിന്റെ വീൽഡ് എക്‌സ്‌കവേറ്റർ പാലത്തിന്റെ പാനലുകൾ നീക്കം ചെയ്തു. ഡിസംബർ 13 വൈകുന്നേരത്തോടെ ആദ്യത്തെ ബെയ്‌ലി പാലം ഉദ്ഘാടനം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതും വായിക്കുക: വടക്കൻ ജപ്പാനിൽ ഭൂകമ്പം; 7.6 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്
പുനർനിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതിനാൽ, സൈന്യത്തിന്റെ പ്രവർത്തനങ്ങൾ ബുധനാഴ്ചയോടെ അവസാനിക്കും. അതേസമയം, സൈന്യം ഇതുവരെ 3 ബെയ്‌ലി പാലങ്ങൾ നിർമ്മിച്ചു, നാലാമത്തെ ബെയ്‌ലി പാലത്തിന്റെ സെറ്റ് ലോഡിംഗ് പത്താൻകോട്ടിൽ പുരോഗമിക്കുന്നു. പാരാ ഫീൽഡ് ആശുപത്രി മികച്ച ചികിത്സ നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. ഇതുവരെ 3338 രോഗികൾക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂന്ന് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ശ്രീലങ്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ലസന്ത റോഡ്രിഗോ ഫീൽഡ് ആശുപത്രി സന്ദർശിക്കുകയും മെഡിക്കൽ സംഘവുമായി സംവദിക്കുകയും ചെയ്തു.
ദിത്വ ചുഴലിക്കാറ്റ് ദ്വീപിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കനത്ത മഴയ്ക്കും കാരണമായി. നദികളിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി, പട്ടണങ്ങൾ വെള്ളത്തിനടിയിലായി, അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.